ഐ.റ്റി: ഏറ്റെടുക്കല്‍ തുടരും

Webdunia
വ്യാഴം, 16 ഓഗസ്റ്റ് 2007 (12:54 IST)
ഇന്ത്യയിലെ വിവര സാങ്കേതിക വിദ്യാ രംഗത്തെ പ്രധാന കമ്പനികള്‍ വിദേശ ഐ.റ്റി കമ്പനികള്‍ ഏറ്റെടുക്കുന്ന പ്രവണത തുടര്‍ന്നേക്കുമെന്ന് സൂചന.

അടുത്തിടെ ഇന്ത്യയിലെ ഐ.റ്റി.രംഗത്തെ മൂന്നാം സ്ഥാനക്കാരായ വിപ്രോ ലിമിറ്റഡ് അമേരിക്കയിലെ ഐ.റ്റി.കമ്പനിയായ ഇന്‍ഫോക്രോസ്സിംഗ് സിഗ്നല്‍‌സ് ഏറ്റെടുത്തതിനു പിറകേയാണ് വീണ്ടും ഏറ്റെടുക്കല്‍ തുടരുമെന്ന് സൂചനയുള്ളത്. 600 മില്യന്‍ ഡോളറാണ് ഈ ഏറ്റെടുക്കലിനായി വിപ്രോ ചെലവിട്ടത്.

500 മില്യന്‍ മുതല്‍ ഒരു ബില്യന്‍ വരെ ഡോളറുമായി വിവിധ ഐ.റ്റി. കമ്പനികളെ ഏറ്റെടുക്കാന്‍ തയാറായിരിക്കുകയാണ് ഇന്ത്യന്‍ കമ്പനികളെന്നാണ് നാസ്കോം വൈസ് പ്രസിഡന്‍റ് (റിസര്‍ച്ച്) അമീത് നിവ്‌സര്‍ക്കാര്‍ പറയുന്നത്. ഇന്‍ഫര്‍മേഷന്‍ വീക്കിന് അനുവദിച്ച ഒരു സംഭാഷണത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

എറ്റെടുക്കലിനു നല്ല സമയമാണിതെന്നും അദ്ദേഹം പറയുന്നു. അതുപോലെ അമേരിക്കന്‍ കമ്പനികളെ അപേക്ഷിച്ച് ഇന്ത്യന്‍ കമ്പനികളുടെ വിലയിരുത്തലും ഇതിനു പ്രധാന സഹായമായി നിവ്‌സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ജൂണില്‍ മണി സുബ്രഹ്മണ്യം തലവനായുള്ള ആഗോള ഐ.റ്റി.സേവന ദാതാവായ കാരിറ്റര്‍ എന്ന ഇന്ത്യന്‍ കമ്പനി 854 മില്യന്‍ ഡോളര്‍ ചെലവിട്ട് യു.എസ്. ഐറ്റി ബോഡി ഷോപ് കീന്‍ എന്ന കമ്പനിയെ ഏറ്റെടുത്തിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കാരിറ്ററില്‍ 3,900 ജീവനക്കാരാണുള്ളത്.