എസ്ബിഐ അടിസ്ഥാന പലിശ നിരക്ക് 7.5%

Webdunia
ചൊവ്വ, 29 ജൂണ്‍ 2010 (14:18 IST)
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ പണമിടപാടുകാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്ക് പുതുക്കി നിശ്ചിയിച്ചു. അടിസ്ഥാന പലിശ നിരക്ക് 7.5 ശതമാനമായാണ് നിശ്ചയിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് ജൂലൈ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചതോടെ ഉടന്‍ തന്നെ മറ്റുള്ള സ്വകാര്യ, പൊതുമേഖലാ ബാങ്കുകളും നിരക്ക് പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. മറ്റു ബാങ്കുകളുടെ ബേസ് റേറ്റ് ഏഴ് മുതല്‍ 8.5 ശതമാനം വരെയാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.

പുതിയ ബേസ് റേറ്റ് പ്രഖ്യാപിക്കുന്നതോടെ ബാങ്കുകള്‍ക്കിടയില്‍ ഭവന, വാഹന വായ്പകളിലുള്ള മത്സരം ശക്തിപ്പെടാന്‍ ഇടയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അടിസ്ഥാന പലിശ നിരക്ക് 8.5 ശതമാനത്തിന് താഴെയായിരിക്കുമെന്ന് കമ്പനി മേധാവി കെ ആര്‍ കാമത്ത് അറിയിച്ചു. സ്വകാര്യ ബാങ്ക് ഐ സി ഐ സി ഐ ബാങ്ക് ബുധനാഴ്ച നിരക്ക് പ്രഖ്യാച്ചേക്കുമെന്നാണ് കരുതുന്നത്.