ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില വീപ്പയ്ക്ക് 70 ഡോളറിലേക്കുയര്‍ന്നു. യു.എസ് ലൈറ്റ് ക്രൂഡ് ഡിസംബര്‍ ഡെലിവറി എണ്ണ വില വീപ്പയ്ക്ക് 2.14 ഡോളര്‍ വര്‍ദ്ധനയോടെ 69.64 ഡോളറായാണ് ഉയര്‍ന്നത്.
അമേരിക്ക ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് അര ശതമാനം കണ്ട് കുറച്ച വിവരം പുറത്തായതോടെയാണ് എണ്ണ വില ഗണ്യമായി ഉയര്‍ന്നത്. അമേരിക്കന്‍ ഓഹരി വിപണിയില്‍ ഇതിനെ തുടര്‍ന്ന് മികച്ച മുന്നേറ്റമുണ്ടായി. ഇത് ഏഷ്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചു.
ഇതിനൊപ്പം ലണ്ടന്‍ ബ്രെന്‍റ് ക്രൂഡ് വില 1.98 ഡോളര്‍ വര്‍ധിച്ച് 67.45 ഡോളറായി ഉയര്‍ന്നു. ജൂലൈ 11 ന് ക്രൂഡോയില്‍ വില വീപ്പയ്ക്ക് 147 ഡോളറിനു മുകളിലെത്തി റിക്കോഡ് സൃഷ്ടിച്ചിരുന്നു. ഇതിനു ശേഷം ക്രൂഡ് വില ഇപ്പോള്‍ പകുതിയിലേറെയായി താണു.
ചൈനയിലും പലിശ നിരക്ക് കുറയ്ക്കാന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചു. ജപ്പാനും ഇതേ പാത പിന്തുടരുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച ഇത് സംബന്ധിച്ച യോഗം ചേരുന്നുണ്ട്.
യൂറോയ്ക്കെതിരായ ഡോളറിന്‍റെ വിനിമയ നിരക്ക് ഇടിഞ്ഞതും എണ്ണ വില ഉയരാന്‍ കാരണമായി. എണ്ണയുടെ ഉപഭോഗം കുറഞ്ഞതും വില കുറഞ്ഞതും എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഉല്‍പ്പാദനം കുറയ്ക്കാന്‍ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു.
വില ഇനിയും കുറയുകയാണെങ്കില്‍ ഉല്‍പ്പാദനം വീണ്ടും കുറയ്ക്കുമെന്നാണ് നിലവിലെ സൂചനകള്‍. പ്രതിദിനം 1.5 മില്യന്‍ വീപ്പ എണ്ണയുടെ ഉല്‍പ്പാദനമാണ് ഇപ്പോള്‍ മൊത്തത്തില്‍ കുറയ്ക്കാന്‍ തീരുമാനിച്ചത്.