ഇന്ത്യയിലേക്ക് നിക്ഷേപകരുടെ തള്ളിക്കയറ്റം: ശര്‍മ

Webdunia
ശനി, 30 ജനുവരി 2010 (17:20 IST)
വികസിത താജ്യങ്ങള്‍ മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതില്‍ മോശമായ അവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് നിക്ഷേപകരുടെ തള്ളിക്കയറ്റമാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വിവിധ കോര്‍പ്പറേറ്റുകള്‍ സന്നദ്ധത അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ദാവോസില്‍ വിവിധ കോര്‍പ്പറേറ്റ് മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നിക്ഷേപകര്‍ക്ക് ചില ആശങ്കകള്‍ ഉണ്ടെങ്കിലും മൊത്തത്തില്‍ അവര്‍ക്ക് മികച്ച പ്രതീക്ഷയാണുള്ളത്. സാമ്പത്തിക തുലനം പാലിക്കുന്നതില്‍ ഇന്ത്യയും ചൈനയുമാണ് ശക്തമായി നില്‍ക്കുന്നത്. ലോക സാമ്പത്തിക ക്രമം ഈ രണ്ട് ബിന്ദുവിലേക്ക് കേന്ദ്രീകരിക്കപ്പെടുമെന്ന് ശര്‍മ അഭിപ്രായപ്പെട്ടു.

വ്യവസായ നയവകുപ്പ് സെക്രട്ടറി ആര്‍ പി സിംഗും ശര്‍മയോടൊപ്പം വിവിധ കോര്‍പ്പറേറ്റ് മേധാവികളുമായി ചര്‍ച്ച നടത്തി. രാജ്യാന്തര ഓട്ടോമൊബൈല്‍ കമ്പനികളുമായുള്ള ചര്‍ച്ചകളില്‍ സുപ്രധാന പങ്കാണ് സിംഗ് വഹിച്ചത്. ലോകത്തെ നിര്‍മ്മാണ മേഖല ക്രമാനുഗതമായി ഇന്ത്യ, ചൈന എന്നിവിടങ്ങളിലേക്ക് മാറ്റപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.