ഇന്ത്യന്‍ ബാങ്ക് 100 ശാഖകള്‍ കൂടി തുടങ്ങുന്നു

Webdunia
ശനി, 5 മാര്‍ച്ച് 2011 (11:19 IST)
ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പുതുതായി 100 ശാഖകള്‍ കൂടി ആരംഭിക്കാനാണ് ഇന്ത്യന്‍ ബാങ്ക് ലക്‍ഷ്യമിടുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജീവ് റിഷി അറിയിച്ചു. പുതുതായി ആരംഭിക്കുന്ന ശാഖകളില്‍ 30 എണ്ണം വരെ കേരളത്തിലാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കയറ്റുമതി-ഇറക്കുമതി മേഖലകളിലെ ഉപയോക്താക്കളുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു രാജീവ് റിഷി.

അടുത്ത സാമ്പത്തികവര്‍ഷം ഐ പി ഒ വഴി ഓഹരി വിപണിയിലേക്ക് പ്രവേശിക്കാന്‍ ബാങ്ക് തയ്യാറെടുക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമായി ബാങ്കിനുള്ള ശാഖകളുടെ എണ്ണം 1800ല്‍നിന്ന് മൂന്നുവര്‍ഷത്തിനുള്ളില്‍ 2500 ആക്കി ഉയര്‍ത്താനാണ് തീരുമാനം. മഞ്ചേരിയിലും കൊയിലാണ്ടിയിലുമായി കേരളത്തില്‍ പുതുതായി രണ്ട് ബ്രാഞ്ചുകള്‍ ഈ സാമ്പത്തികവര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കും. ഒറ്റപ്പാലം, ഏറ്റുമാനൂര്‍, മൂവാറ്റുപുഴ, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ പുതിയ എ ടി എമ്മുകളും ആരംഭിക്കുമെന്നും രാജീവ് റിഷി പറഞ്ഞു.

അഞ്ചുലക്ഷം കോടി രൂപയുടെ ബിസിനസ്സും 2500 കോടിയുടെ അറ്റാദായവുമാണ് ബാങ്ക് അടുത്ത സാമ്പത്തികവര്‍ഷം ലക്‍ഷ്യമിടുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ രാജീവ് റിഷി വ്യക്തമാക്കി.