ഇന്ത്യന്‍ ചായക്ക് പ്രചാരം കൂട്ടും

Webdunia
തിങ്കള്‍, 23 ഫെബ്രുവരി 2009 (17:25 IST)
പരമ്പരാഗത വിദേശ വിപണികള്‍ക്ക് പുറമെ ഈജിപ്റ്റ്, ഇറാന്‍, ഇറാഖ്, പാകിസ്ഥാന്‍ തുടങ്ങിയ വിപണികളിലും ഇന്ത്യന്‍ ചായയുടെ സാന്നിദ്ധ്യം കൂട്ടാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി ജയറാം രമേശ് പറഞ്ഞു.

നിലവില്‍ റഷ്യ, യുകെ, യു‌എ‌ഇ തുടങ്ങിയവയാണ് ഇന്ത്യന്‍ ചായയുടെ പരമ്പരഗത വിപണി. ടീ ബോര്‍ഡും യുപി‌എ‌എസ്‌ഐയും ഉടനെ കെയ്‌റോയില്‍ ഒരു ടീ പ്രമോഷന്‍ സെന്‍റര്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്. കൊച്ചിയില്‍ ഇന്ന് സമാപിച്ച ഇന്ത്യ ഇന്‍റര്‍നാഷണല്‍ ടീ കണ്‍‌വെന്‍ഷനിലേക്കായി അയച്ച ഒരു സന്ദേശത്തിലാണ് രമേശ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

സിടിസി - ചായ കൂടുതല്‍ ഉല്‍‌പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ തുടരുകയാണെന്ന് ജയറാം രമേശ് പറഞ്ഞു. അതേസമയം ചില വിദേശ വിപണികളില്‍ പരമ്പരാഗത ചായയ്ക്ക് ആവശ്യക്കാര്‍ കൂടി വരികയാണ്. ഇത് കണക്കിലെടുത്ത് മൊത്തം ചായ ഉല്‍‌പാദനത്തില്‍ പരമ്പരാഗത ചായയുടെ ഉല്‍പാദനം നിലവിലെ ഏഴ് ശതമാനത്തില്‍ നിന്ന് അടുത്ത മൂന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 12 ശതമാനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രമേശ് അറിയിച്ചു.