അനിലിന് വാതകം നല്‍കാന്‍ തയ്യാര്‍: മുകേഷ്‌ അംബാനി

Webdunia
വെള്ളി, 18 ജൂണ്‍ 2010 (15:06 IST)
PRO
അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന് (അഡാഗ്) കൃഷ്ണാ-ഗോദാവരി തടത്തില്‍ നിന്ന് പ്രകൃതി വാതകം നല്‍കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. അഡാഗിന്‍റെ നിര്‍മാണശാല സജ്ജമായാലുടന്‍ വാതകം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും സര്‍ക്കാര്‍ അനുവദിക്കുന്നതിനനുസരിച്ചാവും വാതകം നല്‍കുകയെന്നും മുകേഷ് പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുകേഷ്.

സഹോദരന്‍ അനില്‍ അംബാനിയുമായുള്ള നിയമപോരാട്ടം അവസാനിച്ചതായും മുകേഷ് പറഞ്ഞു.അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പു (അഡാഗ്) മായി നല്ല ബന്ധം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അനില്‍ അംബാനി യോഗത്തിനെത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും എത്തിയില്ല.

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷം മുമ്പാണ് റിലയന്‍സ് സാമ്രാജ്യം വിഭജിച്ചത്. എന്നാല്‍ ഇപ്പോള്‍ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കി സഹകരണത്തോടെ പ്രവര്‍ത്തിക്കാന്‍ ഇരു കൂട്ടരും തീരുമാനിക്കുകയായിരുന്നു. ടെലികോം, ആരോഗ്യരക്ഷ, മരുന്നുത്പാദനം, വൈദ്യുതി തുടങ്ങി പുതിയ മേഖലകളിലേക്കുള്ള ചുവടുവയ്പ്പുകള്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്ന യോഗം വളരെയധികം പ്രാധാന്യത്തോടെയാണ് ഓഹരിയുടമകളും കോര്‍പ്പറേറ്റ് ലോകവും കാണുന്നത്.