ആഭ്യന്തര ഓഹരി വിപണിയില്‍ വെള്ളിയാഴ്ച രാവിലെ സാമാന്യം ഉയര്‍ച്ചയോടെ തുടക്കം കുറിച്ച സൂചികകള്‍ വൈകിട്ട് തരക്കേടില്ലാത്ത ലാഭത്തില്‍ അവസാനിച്ചു. സെന്‍സെക്സ് 113 പോയിന്‍റ് ലാഭം കൈവരിച്ചു.
വിപണി ആരംഭിച്ച് നിമിഷങ്ങള്‍ക്കകം 95 പോയിന്‍റ് വര്‍ദ്ധിച്ച മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് വൈകിട്ട് ക്ലോസിംഗ് സമയത്ത് 112.54 പോയിന്‍റ് അഥവാ 0.72 ശതമാനം വര്‍ദ്ധിച്ച് 15,807.64 എന്ന നിലയിലേക്കുയര്‍ന്നു.
ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 44.80 പോയിന്‍റ് അഥവാ 0.95 ശതമാനം വര്‍ദ്ധിച്ച് 4777.80 എന്ന നിലയിലേക്കുയര്‍ന്നു. ആഗോള ഓഹരി വിപണിയില്‍ ഉണ്ടായ ഉണര്‍വിനൊപ്പം ഏഷ്യന്‍ ഓഹരി വിപണികളിലും വെള്ളിയാഴ്ച മെച്ചമായിരുന്നു. ഇതിന്‍റെ പ്രതിഫലനമാണ് ആഭ്യന്തര ഓഹരി വിപണി സൂചികകളില്‍ ഉണ്ടായതെന്ന് ഓഹരി വൃത്തങ്ങള്‍ അറിയിച്ചു.
2008 ഫെബ്രുവരിയില്‍ രാജ്യത്തെ വ്യാവസായിക വളര്‍ച്ചാ നിരക്ക് കുറഞ്ഞത് ഒരളവ് ഓഹരി വിപണിയെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
അതേ സമയം പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.41 ശതമാനത്തിലേക്ക് ഉയര്‍ന്നത് സാമ്പത്തിക മേഖലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്കിനെ നിര്‍ബ്ബന്ധിച്ചേക്കും എന്നാണ് കരുതുന്നത്. എപ്രില്‍ 29 ന് റിസര്‍വ് ബാങ്ക് ഈ വര്‍ഷത്തെ വായ്പാ നിരക്ക് പ്രഖ്യാപനത്തില്‍ ഇത് സംബന്ധിച്ച നിയന്ത്രണങ്ങള്‍ ഉണ്ടാകും.
അതുപോലെ കയറ്റുമതി ലക്‍ഷ്യം 200 ബില്യന്‍ ഡോളറായി സര്‍ക്കാര്‍ നിശ്ചയിച്ചെങ്കിലും കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ നല്‍കിയിരുന്ന ഇളവുകള്‍ തുടരേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സിമന്‍റ് കയറ്റുമതി നിരോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്‍ഷ്യമിടുന്നത്.