കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

അഭിറാം മനോഹർ

വ്യാഴം, 19 ഡിസം‌ബര്‍ 2024 (18:44 IST)
സ്‌കൂള്‍ കലോത്സവവേദികളിലുണ്ടാവുന്ന അനാരോഗ്യ പ്രവണതകള്‍ ഒഴിവാക്കണമെന്നും പരസ്യമായ പ്രതിഷേധ പ്രകടനങ്ങള്‍ കലോത്സവത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതായും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കലോത്സവ മത്സരങ്ങളിലെ വിധി നിര്‍ണയവുമായി ബന്ധപ്പെട്ട് പരസ്യമായ പ്രതിഷേധ പ്രകടനങ്ങളും ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുന്ന സ്ഥിതിയും ചിലയിടങ്ങളിലുണ്ടായെന്നും ആരോഗ്യകരമായ കലോത്സവ അന്തരീക്ഷത്തിന് തടസ്സമുണ്ടാക്കുന്ന രീതിയാണിതെന്നും വാര്‍ത്താസമ്മേളനത്തിനിടെ മന്ത്രി പറഞ്ഞു.
 
വിധി നിര്‍ണയത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍തലം മുതല്‍തന്നെ അപ്പീല്‍ നല്‍കുന്നതിന് അവസരം നല്‍കിയിട്ടുണ്ട്. മത്സരഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം ആയിരം രൂപ ഫീസോടെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍,പ്രിന്‍സിപ്പാള്‍,ഹെഡ് മാസ്റ്റര്‍ എന്നിവര്‍ക്ക് പരാതി നല്‍കാം. തീര്‍പ്പ് അനുകൂലമായാല്‍ അപ്പീല്‍ ഫീസ് തിരികെ നല്‍കും. ഉപജില്ലാതല മത്സരത്തിലെ പരാതികള്‍ തീര്‍പ്പാക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധ്യക്ഷതയില്‍ അഞ്ച് അംഗ സമിതിയുണ്ട്. മത്സരഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം രണ്ടായിരം രൂപ ഫീസോടെ പരാതി നല്‍കാം. റവന്യൂ ജില്ലാ കലോത്സവ മത്സരങ്ങളുടെ പരാതികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടര്‍,ഡെപ്യൂട്ടി ഡയറക്ടര്‍ അധ്യക്ഷനായ ഒന്‍പത് അംഗസമിതി പരിശോധിക്കും. അപ്പീല്‍ തീര്‍പ്പാക്കുന്നതിന് മത്സരാര്‍ത്ഥികള്‍ കോടതിയെയും സമീപിക്കുന്നുണ്ട്. നിലവില്‍ ഇത്തരം സൗകര്യങ്ങള്‍ ഉള്ളപ്പോള്‍ പരസ്യമായ പ്രതിഷേധ പ്രകടനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കലോത്സവ മാനുവല്‍ പാലിക്കപ്പെടണമെന്നും പ്രതിഷേധ പ്രകടനങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കാന്‍ അധ്യാപകരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
 
സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജിയുടെയും (SIET)മീഡിയ അക്കാദമിയുടെയും,പത്രപ്രവര്‍ത്തക യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പുത്തരിക്കണ്ടം മൈതാനത്ത് ഫോട്ടോ പ്രദര്‍ശനവും ന്യൂസ്പേപ്പര്‍ ലേ ഔട്ട് പ്രദര്‍ശനവും സംഘടിപ്പിക്കും. സ്‌കൂള്‍ കലോത്സവത്തിന്റെ അറുപത്തിരണ്ടു വര്‍ഷത്തെ ചരിത്രവും,പഴയകാല കലോത്സവ ചിത്രങ്ങളും,പത്രവാര്‍ത്തകളും പ്രദര്‍ശനത്തിലുണ്ടാവും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍