ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. നിലവിലെ ചട്ടങ്ങള്‍ പാലിച്ച് ദേവസ്വങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കാം. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. എഴുന്നള്ളിപ്പിന് ആനകള്‍ തമ്മില്‍ 3 മീറ്റര്‍ ദൂരപരിധി വേണമെന്നും തീവെട്ടികളില്‍ നിന്നുള്ള ദൂരം 5 മീറ്റര്‍ ദൂരപരിധി ഉറപ്പാക്കണമെന്നും ആനകളില്‍ നിന്നും 8 മീറ്റര്‍ അകലെ മാത്രമെ ജനങ്ങളെ നിര്‍ത്താവു എന്നിവയുള്‍പ്പെടുന്ന ഹൈക്കോടതി ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
ഹൈക്കോടതിയുടെ ഉത്തവരുകള്‍ അപ്രായോഗികമാണെന്നും ശൂന്യതയില്‍ നിന്നും ഉത്തരവിറക്കാനാകുന്നില്ലെന്നും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. സര്‍ക്കാരിനും ആന ഉടമകളുടെ സംഘടനകള്‍ക്കും കോടതി നോട്ടീസ് അയച്ചു. ആചാരങ്ങളും ആനകളുടെ സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് വിധിയിലൂടെ ഉദേശിക്കുന്നതെന്നും കോടതി പറഞ്ഞു. കോടതി തീരുമാനത്തെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സ്വാഗതം ചെയ്തു.