അല്ലു അർജുന് ആശ്വാസം, ഇടക്കാലജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി

അഭിറാം മനോഹർ

വെള്ളി, 13 ഡിസം‌ബര്‍ 2024 (18:15 IST)
പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്. നടനാണെങ്കിലും പൗരനെന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
 
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. ശേഷം ചിക്ടപള്ളി പോലീസ് സ്റ്റേഷനിലേക്ക് അല്ലു അര്‍ജുനെ കൊണ്ടുപോയി. സഹോദരനായ അല്ലു സിരീഷും നിര്‍മാതാവ് ദില്‍ രാജുവും അല്ലുവിനൊപ്പം സ്റ്റേഷനില്‍ത്തിയിരുന്നു. പോലീസ് സ്റ്റേഷനിലെത്തി നടന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷം ഗാന്ധി ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്നാണ് നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കോടതി 14 ദിവസത്തേക്ക് നടനെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ കേസ് റദാക്കണമെന്നുള്ള ഹര്‍ജിയും ജാമ്യഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിച്ചതോടെയാണ് നടന് ആശ്വാസമായി ഇടക്കാല ജാമ്യം അനുവദിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍