സൂചികയില്‍ നേരിയ ഉയര്‍ച്ച

Webdunia
ബുധന്‍, 18 ഫെബ്രുവരി 2009 (10:40 IST)
ആഴ്ചയിലെ ആദ്യ രണ്ട് സെഷനുകളിലെ കുത്തനെയുണ്ടായ ഇടിവിന് ശേഷം മുംബൈ ഓഹരി വിപണി സൂചികയില്‍ ബുധനാഴ്ച നേരിയ ഉയര്‍ച്ച അനുഭവപ്പെട്ടു.

രാവിലെ 96 പോയന്‍റ് താഴ്ന്ന് 8,939 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 8,922 പോയന്‍റ് വരെ സൂചിക ഇടിഞ്ഞു. കഴിഞ്ഞ സെഷനുകളില്‍ അനുഭവപ്പെട്ട ആലസ്യം ഇന്നും തുടരുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് സൂചികയില്‍ നേരിയ മുന്നേറ്റം പ്രകടമായത്. 10.30 ആയപ്പോഴേക്കും സൂചിക 32 പോയന്‍റിന്‍റെ ഉയര്‍ച്ചയില്‍ 9,067 എന്ന നിലയിലെത്തി.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ഉണര്‍വ് പ്രകടമായി. 9.50 പോയന്‍റിന്‍റെ ഉയര്‍ച്ചയില്‍ 2780 എന്ന നിലയിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്.

ബി‌എസ്‌ഇ വിപണിയില്‍ ഒ‌എന്‍‌ജി‌സി, റിലയന്‍സ് കമ്യൂണിക്കേഷന്‍സ് എന്നിവ ആരംഭ വിപണിയില്‍ 1.5 ശതമാനത്തിന്‍റെ നേട്ടമുണ്ടാക്കി. റിലയന്‍സ്, വിപ്രൊ, റാന്‍ബാക്സി എന്നിവയുടെ ഓഹരി മൂല്യം ഒരു ശതമാനം വീതം ഉയര്‍ന്നു. അതേസമയം എച്ച്‌ഡി‌എഫ്‌സി ഓഹരികള്‍ക്ക് 2.3 ശതമാനവും ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, ഗ്രാസിം, ഡി‌എല്‍‌എഫ് എന്നിവയുടെ ഓഹരികള്‍ക്ക് 1.5 ശതമാനം വീതവും ഇടിവ് സംഭവിച്ചു.