വിവാഹം ആഡംബരഹോട്ടലുകളില്‍ നടക്കുന്നു

Webdunia
ചൊവ്വ, 25 സെപ്‌റ്റംബര്‍ 2007 (16:59 IST)
വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്ന ചൊല്ല് മാറ്റിമറിക്കുന്ന രീതിയിലാണിപ്പോള്‍ ആഡംബര ഹോട്ടലുകള്‍ വിവാഹം നടത്തിക്കൊടുക്കാനുള്ള തയാറെടുപ്പ് നടത്തുന്നത്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ പണം എത്രവേണമെങ്കിലും ചെലവാക്കി ആഡംബരത്തോടെയുള്ള വിവാഹം നടത്താന്‍ സൌകര്യമൊരുക്കുന്നുണ്ട്.

രജപുത്ര ആഢ്യത്വത്തോടെ ജയ്‌പൂരില്‍ വച്ച് വിവാഹം നടത്താനാണോ ആഗ്രഹിക്കുന്നത്. അതല്ല,നിങ്ങളുടെ മനസ്സില്‍ പ്രകൃതി രമണീയത നിറഞ്ഞ കേരളമോ ഉത്തുംഗ ശൃംഗങ്ങള്‍ നിറഞ്ഞ ഹിമാചലോ മറ്റ് ഏതു സ്ഥലവുമാവട്ടെ, ആഡംബര വിവാഹം നടത്താനുള്ള സൌകര്യം ഹോട്ടലുകള്‍ ഒരുക്കിത്തരും.

ഇന്ത്യയിലെ ആഡംബര വിവാഹം പ്രസിദ്ധ വാണിജ്യ മാസികയായ ഫോര്‍ബ്സില്‍ പോലും ശ്രദ്ധേയമായിക്കഴിഞ്ഞു. ഒരു ആഡംബര വിവാഹത്തിനായി നൂറു കണക്കിനു അതിഥികളാനെത്തുക. ഇവര്‍ക്ക് തങ്ങാനും തിന്നാനും കുടിക്കാനുമായി ലക്ഷങ്ങളാണ് (ചിലപ്പോള്‍ കോടികള്‍) പൊടിപൊടിക്കുക.

മണവാട്ടിക്കും മണവാളനും ആദ്യ ദിനങ്ങളില്‍ ഇഴുകി ചേരാന്‍ പ്രത്യേകം തയാറാക്കിയ സ്യൂട്ട് തന്നെ വേണമെന്നാണ് ഹോട്ടലുകാര്‍ നിര്‍ബന്ധം പിടിക്കുന്നത്. എങ്കിലല്ലേ കൂടുതല്‍ പണച്ചിലവ് വരികയുള്ളു! ഇതിനും ലക്ഷങ്ങള്‍ പൊടിക്കാം.

ഭക്ഷണം, അത് ലോകത്തിലെ ഏത് തരമാണെങ്കിലും വിളമ്പാന്‍ തയ്യാറായാണ് ഹോട്ടലുകാര്‍ നില്‍ക്കുന്നത്. പിന്നെ മറ്റ് എന്ത് ആവശ്യങ്ങള്‍ക്കും സഹായിക്കാനും ഇവര്‍ സദാ ജാഗ്രത പുലര്‍ത്തുന്നു. യാത്രാ സൌകര്യങ്ങള്‍ക്കും ഹണിമൂണിനും പ്രത്യേക പാക്കേജും ഇവര്‍ തന്നെ ഒരുക്കും- ചുരുക്കി പറഞ്ഞാല്‍ ദമ്പതികള്‍ വെറുതെ ആഗ്രഹം പറഞ്ഞാല്‍ മാത്രം മതി!

വിവാഹ നടത്തിപ്പിനായി വൈദികന്‍ ഉള്‍പ്പെടെയുള്ളവരെയും റെഡിയാക്കാന്‍ ഹോട്ടലുകള്‍ക്കാവും എന്നതും വരന്‍റെയും വധുവിന്‍റെയും ആളുകള്‍ക്ക് തലവേദന കുറയ്ക്കുന്നു - പണം എറിഞ്ഞാല്‍ മാത്രം മതി സമയലാഭമുണ്ടല്ലൊ എന്നാണ് ബന്ധുക്കള്‍ ആശ്വസിക്കുന്നത്.

ഇനി വിവാഹ ക്ഷണക്കത്തിന്‍റെ കാ‍ര്യം. ക്ഷണക്കത്ത് തയാറാക്കാനും ഹോട്ടല്‍ സഹായമുണ്ട്. പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ ഉള്‍പ്പെടെയുള്ള തയാറെടുപ്പിലാണ് ഇതിനായി ഹോട്ടലുകാര്‍ എത്തുക.