റാഫേല്‍ നദാല്‍ കുതിക്കുന്നു; ഫ്രഞ്ച്‌ ഓപ്പണ്‍ ഗ്രാന്‍സ്ലാം കിരീടമെന്ന റെക്കോര്‍ഡ്‌ സ്വപ്‌നവുമായി!

Webdunia
ബുധന്‍, 25 മെയ് 2016 (09:12 IST)
പത്താം ഫ്രഞ്ച്‌ ഓപ്പണ്‍ ഗ്രാന്‍സ്ലാം കിരീടമെന്ന റെക്കോര്‍ഡ്‌ സ്വപ്‌നവുമായി സ്‌പെയിന്റെ റാഫേല്‍ നദാലിന്റെ കുതിപ്പ്. ഓസ്‌ട്രേലിയയുടെ സാം ഗ്രോത്തിനെ 6-1, 6-1, 6-1 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണ്‌ നദാല്‍ ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസിന്റെ ഒന്നാം റൗണ്ട്‌ കടന്നത്‌. 
 
ഏകപക്ഷീയമായ മത്സരത്തില്‍ മൂന്ന്‌ തവണ മാത്രമാണു നദാല്‍ പിഴവ്‌ വരുത്തിയത്‌. രണ്ടാം റൗണ്ടില്‍ അര്‍ജന്റീനയുടെ ഫാകുന്‍ഡോ ബാനിസിനെയോ ഫ്രഞ്ച്‌ താരം കെന്നി ഡി ഷ്വാപ്പെറെയോ നദാല്‍ നേരിടും. നദാല്‍ സീസണില്‍ ഇതുവരെ രണ്ട്‌ കിരീടങ്ങളാണ് നേടിയിട്ടുള്ളത്. ബ്രിട്ടന്റെ ലോക രണ്ടാം നമ്പര്‍ ആന്‍ഡി മുറേ ചെക്കിന്റെ റാദേക്‌ സ്‌റ്റെഫാനകിനെ കടുത്ത പോരാട്ടത്തില്‍ തോല്‍പ്പിച്ചു.
 
വനിതാ സിംഗിള്‍സില്‍ രണ്ടാംസീഡ്‌ പോളണ്ടിന്റെ അഗ്നീസ്‌ക റാഡ്‌വാന്‍സ്‌ക രണ്ടാംറൗണ്ട്‌ ഉറപ്പാക്കി. സെര്‍ബിയയുടെ ബോജാന ജൊവാന്‍സ്‌കിയെയാണ്‌ ഒന്നാംറൗണ്ടില്‍ റാഡ്‌വാന്‍സ്‌ക തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-0, 6-2. ഫ്രാന്‍സിന്റെ കാരോലിന ഗാര്‍സിയയാണു റാഡ്‌വാന്‍സ്‌കയുടെ അടുത്ത എതിരാളി. 2013 ലെ ക്വാര്‍ട്ടര്‍ ഫൈനലിസ്‌റ്റായ റാഡ്‌വാന്‍സ്‌ക കഴിഞ്ഞ സീസണില്‍ ഒന്നാം റൗണ്ടില്‍ തോറ്റിരുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article