ജന്മനാട്ടിൽ പ്രഗ്നാനന്ദയ്ക്ക് ഗംഭീര വരവേൽപ്പ്, 30 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2023 (18:05 IST)
ചെസ്സ് ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ജന്മനാട്ടില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്‌നാനന്ദയ്ക്ക് ചെന്നൈ വിമാനത്താവളത്തില്‍ ഗംഭീര വരവേല്‍പ്പ്. തമിഴ്‌നാട് കായികവകുപ്പിന്റെ നേതൃത്വത്തിലാണ് പ്രഗ്‌നാനന്ദയ്ക്കും അമ്മയ്ക്കും സ്വീകരണം നല്‍കിയത്. തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധികളും അഖിലേന്ത്യ ചെസ് ഫെഡറേഷന്‍ ഭാരവാഹികളും സഹപാഠികളും താരത്തെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു.
 
വിമാനത്താവളത്തിലെ വരവേല്‍പ്പിന് ശേഷം സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക വാഹനത്തിലാണ് പ്രഗ്‌നാനന്ദ ചെന്നൈ നഗരത്തിലേക്ക് തിരിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കായികമന്ത്രി ഉദയനിധി സ്റ്റാലിന്‍ എന്നിവരുമായി പ്രഗ്‌നാനന്ദ കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ പ്രഖ്യാപിച്ച 30 ലക്ഷം രൂപയുടെ പാരിതോഷികം മുഖ്യമന്ത്രി പ്രഗ്‌നാനന്ദയ്ക്ക് കൈമാറി. സ്വീകരണത്തില്‍ സന്തോഷമുണ്ടെന്നും ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടുകയാണ് അടുത്ത ലക്ഷ്യമെന്നും പ്രഗ്‌നാനന്ദ പറഞ്ഞു.
 
ചെസ് ലോകകപ്പില്‍ 2005 മുതല്‍ തുടങ്ങിയ നോക്കൗട്ട് ഫോര്‍മാറ്റില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രഗ്‌നാനന്ദ. 2000,2002 വര്‍ഷങ്ങളില്‍ വിശ്വനാഥന്‍ ആനന്ദ് കിരീടം നേടുമ്പോള്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലായിരുന്നു ലോകകപ്പ് പോരാട്ടങ്ങള്‍ നടന്നിരുന്നത്. ലോക ചെസ് ലോകകപ്പില്‍ ലോക രണ്ടാം നമ്പര്‍ താരമായ ഹികാരു നകമുറ, മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനോ എന്നിവരെ തോല്‍പ്പിച്ചായിരുന്നു പ്രഗ്‌നാനന്ദയുടെ ഫൈനല്‍ പ്രവേശനം. ടൈബ്രേക്കറില്‍ ഒന്നര പോയിന്റ് വ്യത്യാസത്തിലായിരുന്നു മാഗ്‌നസ് കാള്‍സനോട് പ്രഗ്‌നാനന്ദ പരാജയപ്പെട്ടത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article