ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ രണ്ടാം മത്സരവും സമനിലയില്‍. മാഗ്‌നസ് കാള്‍സണ്‍ ആര്‍ പ്രഗ്‌നാനന്ദ ഫൈനല്‍ മത്സരം സമനിലയിലേക്കായതോടെ മത്സരം ടൈ ബ്രേക്കറിലേക്ക് നീണ്ടു. ഇതോടെ നാളെ നടക്കുന്ന ടൈ ബ്രേക്കറിലാകും വിജയി ആരെന്ന കാര്യത്തില്‍ തീരുമാനമാവുക. ഇന്നലെ നടന്ന ആദ്യ റൗണ്ടില്‍ 35 നീക്കത്തിന് ശേഷമാണ് സമനിലയിലായത്. ഇന്ന് നടന്ന മത്സരത്തില്‍ 30 നീക്കങ്ങളാണ് ഉണ്ടായത്.
റാപിഡ് ചെസ് ഫോര്‍മാറ്റിലാകും 2 ടൈ ബ്രേക്കറുകള്‍ നടക്കുക. അഞ്ച് തവണ ലോകചാമ്പ്യനായ കാള്‍സണ്‍ നിലവില്‍ ചെസിലെ ഒന്നാം നമ്പര്‍ താരമാണ്. അതേസമയം ടൂര്‍ണമെന്റില്‍ ലോക രണ്ടാം നമ്പര്‍ താരമായ ഹികാരു നകമുറ, മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനോ എന്നിവരെ തകര്‍ത്താണ് പ്രഗ്‌നാനന്ദ ഫൈനലിലേക്ക് യോഗ്യത നേടിയത്. രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനിലയിലായതോടെ നാളെ നടക്കുന്ന റാപിഡ് ഫോര്‍മാറ്റ് മത്സരത്തിലെ വിജയിക്കായിരിക്കും ലോക കിരീടം നടക്കുക. ഇന്ത്യന്‍ സമയം വൈകീട്ട് 4:30നാകും പോരാട്ടം.
ലോക ചെസ് ലോകകപ്പില്‍ 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ആര്‍ പ്രഗ്‌നാനന്ദ. 2000,2002 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ലോകകിരീടം ചൂടിയ സമയത്ത് റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടന്നിരുന്നത്. ഇതിന് മുന്‍പ് ലോക ചാമ്പ്യനായ മാഗ്‌നസ് കാള്‍സനെ പ്രഗ്‌നാനന്ദ ഒരു തവണയില്‍ കൂടുതല്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. ഫൈനല്‍ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതും ഈ ഘടകമാണ്.