ലോകകപ്പ് പോരാട്ടങ്ങളില്‍ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടങ്ങള്‍ വലിയ ആവേശം നല്‍കുന്നവയാണ്. ഇരു ടീമുകളും തമ്മില്‍ ഇപ്പോള്‍ പരമ്പരകള്‍ കളിക്കുന്നില്ല എന്നതിനാല്‍ ഐസിസി ടൂര്‍ണമെന്റുകളിലാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത്.വരാനിരിക്കുന്ന ഏഷ്യാകപ്പ്, ലോകകപ്പ് മത്സരങ്ങളെല്ലാം തന്നെ അതിനാല്‍ ആവേശോജ്ജ്വലമായിരിക്കുമെന്ന് ഉറപ്പാണ്. ഇപ്പോഴിതാ ലോകകപ്പില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ വിജയം പാകിസ്ഥാനായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയേബ് അക്തര്‍.
ഒക്ടോബര്‍ 14നാണ് ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ സമ്മര്‍ദ്ദം ഇന്ത്യയ്ക്ക് മുകളിലാണെന്ന് അക്തര്‍ പറയുന്നു. ഇന്ത്യന്‍ ടീമിനെ ഇന്ത്യയില്‍ വെച്ച് കീഴടക്കാന്‍ ഇതിലും പറ്റിയ ഒരു അവസരമുണ്ടാകില്ല. അക്തര്‍ പറയുന്നു. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെയും പാക് പുരുഷ ടീമിന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഇതുവരെ ഇരു ടീമുകളും ലോകകപ്പില്‍ 7 തവണ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യയുടെ കൂടെയായിരുന്നു. ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് നേരത്തെ പാക് മുന്‍ താരമായ അഖ്വിബ് ജാവേദും പ്രവചിച്ചിരുന്നു.