2019ൽ ഇന്ത്യ സെമിയിൽ തോറ്റത് അവൻ ടീമിലില്ലാത്തത് കൊണ്ട്, അർഹിച്ച അംഗീകാരം അവന് കൊടുത്തില്ല: രവി ശാസ്ത്രി

വ്യാഴം, 17 ഓഗസ്റ്റ് 2023 (19:07 IST)
2019ലെ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ തോല്‍ക്കാന്‍ കാരണമായത് ശിഖര്‍ ധവാന്‍ ഇല്ലാത്തത് കാരണമെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി. ടോപ് ഓര്‍ഡറില്‍ ഒരു ഇടം കയ്യന്‍ എന്തായാലും ആവശ്യമാണെന്നാണ് ഇത് കാണിക്കുന്നതെന്നും അതിനാല്‍ തന്നെ 2023 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ 7 പേരില്‍ 3 ഇടം കയ്യന്‍ ബാറ്റര്‍മാരെയെങ്കിലും ഉള്‍പ്പെടുത്തണമെന്നും രവിശാസ്ത്രി പറയുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ടോക്ക് ഷോയിലാണ് ശാസ്ത്രി മനസ്സ് തുറന്നത്.
 
ലോകകപ്പില്‍ ഇന്ത്യ രോഹിത്തിനൊപ്പം ഇഷാന്‍ കിഷനെ ഓപ്പണറാക്കണം. വിരാട് കോലിയെ നാലാമനായി ടീം പരിഗണിക്കണം. നിലവില്‍ ആരാണ് മികച്ച ഫോമിലുള്ളത് അവരെ ടീമില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. അത് തിലക് വര്‍മയാണെങ്കില്‍ തിലക് വര്‍മയെ ഉള്‍പ്പെടുത്താം യശ്വസി ജയ്‌സ്വാളാണെങ്കില്‍ അങ്ങനെയാകാം. ടോപ് ത്രീയില്‍ 3 വലം കയ്യന്മാര്‍ വരുന്നതിനേക്കാള്‍ ഒരു ഇടം കയ്യന്‍ ഇറങ്ങുന്നത് മത്സരത്തില്‍ വ്യത്യാസം വരുത്തും. 2019ലെ ലോകകപ്പ് സെമിയില്‍ ഇന്ത്യ തോല്‍ക്കാന്‍ കാരണം ധവാന്‍ ടീമില്‍ ഇല്ലാതിരുന്നതാണ്.
 
ധവാന്‍ അസാമാന്യനായ കളിക്കാരനാണ്. എന്നാല്‍ അര്‍ഹിച്ച അംഗീകാരം താരത്തിന് നല്‍കിയില്ല. 2019ലെ സെമി വരെ നമ്മള്‍ അസാമാന്യമായ പ്രകടനമാണ് നടത്തിയത് പക്ഷേ സെമിയില്‍ തോറ്റു. ധവാന്റെ അസ്സാന്നിധ്യമാണ് ഇതിന് കാരണമായത്. രവിശാസ്ത്രി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍