രാജ്യാന്തര ക്രിക്കറ്റിൽ കോലി അവതരിച്ച് 15 വർഷം: കിംഗ് കോലിയുടെ റെക്കോർഡുകൾ ഇവയെല്ലാം

വെള്ളി, 18 ഓഗസ്റ്റ് 2023 (14:10 IST)
രാജ്യാന്തര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി കിംഗ് കോലി. 2008 ഓഗസ്റ്റ് 18ന് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത് മുതല്‍ താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരമെന്ന വിശേഷണമുള്ള കോലി 15 വര്‍ഷങ്ങള്‍ കൊണ്ട് സ്വന്തമാക്കിയ റെക്കോര്‍ഡ് നേട്ടങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
 
ലോക ക്രിക്കറ്റില്‍ 15 വര്‍ഷക്കാലത്തിനിടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയില്‍ ബാറ്റ് വീശിയ ഏകതാരം എന്ന റെക്കോര്‍ഡ് തന്നെയാണ് കോലി എന്നാല്‍ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം. ഇക്കാലയളവില്‍ 53.63 എന്ന ശരാശരിയില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 25,582 റണ്‍സാണ് കോലി സ്വന്തമാക്കിയിട്ടുള്ളത്. 76 സെഞ്ചുറികളും ഇതില്‍ പെടുന്നു. 2008ല്‍ അരങ്ങേറിയത് മുതല്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍,ഏകദിന റണ്‍സ്,ടി20 റണ്‍സ്,ഡബിള്‍ സെഞ്ചുറികള്‍,ഫിഫ്റ്റികള്‍,മാന്‍ ഓഫ് ദ മാച്ച് തുടങ്ങി എല്ലാ നേട്ടങ്ങളും തന്നെ കോലിയുടെ പേരിലാണ്.
 
ടെസ്റ്റ് ക്രിക്കറ്റില്‍ 111 മത്സരങ്ങളില്‍ നിന്ന് 29 സെഞ്ചുറിയടക്കം 8676 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ടെസ്റ്റ് ക്രിക്കറ്റില്‍ ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നീ താരങ്ങള്‍ കോലിയ്ക്ക് മത്സരത്തിനുണ്ടെങ്കില്‍ ഏകദിന ക്രിക്കറ്റിലെ സ്ഥിതി അതല്ല. 275 ഏകദിനങ്ങളില്‍ നിന്നായി 46 സെഞ്ചുറികളും 65 ഫിഫ്റ്റിയുമടക്കം 12,898 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 49 സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിന്റെ റെക്കോര്‍ഡ് നേട്ടവും സമീപഭാവിയില്‍ തന്നെ കോലി തകര്‍ത്തേക്കും.
 
115 ടി20 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും 37 അര്‍ധസെഞ്ചുറികളുമടക്കം 4008 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന്റെ കാര്യമെടുത്താല്‍ ഐപിഎല്ലില്‍ 7000 റണ്‍സ് കടന്ന ആദ്യ താരമെന്ന നേട്ടവും കോലിയുടെ പേരിലാണ്. 237 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 7 സെഞ്ചുറിയടക്കം 7263 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. സമീപകാലത്തെ മോശം പ്രകടനത്തെ തുടര്‍ന്ന് ടെസ്റ്റില്‍ കോലിയുടെ ബാറ്റിംഗ് ശരാശരി 50ന് താഴെയെത്തിയിരുന്നു. എന്നാല്‍ പഴയ താളം വീണ്ടെടുത്ത കോലി ക്രിക്കറ്റില്‍ നിന്നും വിരമിക്കുമ്പോള്‍ 3 ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയില്‍ ബാറ്റ് വീശിയ ആദ്യ താരം എന്ന നേട്ടത്തോടെയാകും വിരമിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍