ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് സംശയത്തില്‍. പരിക്കേറ്റ് കെ എല്‍ രാഹുലിനൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള ശ്രേയസ് ഏഷ്യാകപ്പിലൂടെ തിരികെയെത്തുമെന്നാണ് കരുതിയിരുന്നത്. കെ എല്‍ രാഹുല്‍ ആരോഗ്യം വീണ്ടെടുത്തെങ്കിലും ശ്രേയസ് അയ്യരുടെ കാര്യം ഇപ്പോഴും സംശയത്തിലാണ്.
ഈ മാസം 20ന് ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ശ്രേയസ് ഇപ്പോഴും 100 ശതമാനം ഫിറ്റ്‌നസ് കൈവരിച്ചിട്ടില്ല. മധ്യനിരയില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ശ്രേയസിന്റെ അഭാവം ഇന്ത്യന്‍ ടീമിനെ ബാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. കെ എല്‍ രാഹുല്‍ ആരോഗ്യം വീണ്ടെടുത്തെന്നും ടീമില്‍ മടങ്ങിയെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഏഷ്യാകപ്പിലും ലോകകപ്പിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ താരമാവുക രാഹുല്‍ ആയിരിക്കും. അതേസമയം പരിക്കേറ്റ ശ്രേയസിന്റെ അഭാവത്തില്‍ ടി20യില്‍ മികച്ച പ്രകടനം നടത്തിയ തിലക് വര്‍മയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ ഏകദിനത്തില്‍ അന്താരാഷ്ട്ര മത്സരപരിചയമില്ലാത്ത താരത്തെ നേരിട്ട് ഏഷ്യാകപ്പ്, ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകളില്‍ കൊണ്ടുവരുന്നത് തിരിച്ചടിക്കുമെന്ന് വാദിക്കുന്നവരും കുറവല്ല.