ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ അന്താരാഷ്ട്ര ടെന്നീസിൽ നിന്നും വിരമിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലാണ് താരം തൻ്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ലണ്ടനിൽ നടക്കുന്ന ലേവർ കപ്പിലാകും ഫെഡറർ അവസാനമായി റാക്കറ്റേന്തുക.
20 തവണ ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയിട്ടുള്ള റോജർ ഫെഡറർ ടെന്നീസ് ലോകം കണ്ടതിൽ വെച്ച് എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ്. എട്ട് വിംബിൾഡൺ കിരീടനേട്ടമെന്ന റെക്കോർഡും റോജർ ഫെഡററുടെ പേരിലുണ്ട്. നീണ്ട 24 വർഷക്കാലത്തെ കരിയറിന് വിരാമമിട്ടാണ് ഫെഡറർ വിരമിക്കൽ തീരുമാനം അറിയിച്ചത്.
ടെന്നീസ് എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ സമ്മാനങ്ങൾ ഞാൻ ഇവിടെ കണ്ടുമുട്ടിയ ആളുകളാണ്. എൻ്റെ സുഹൃത്തുക്കൾ കളിക്കളത്തിലെ എതിരാളികൾ ടെന്നീസിന് ജീവൻ നൽകുന്ന കളിയാരാധകർ. എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്.
നിങ്ങൾക്കെല്ലാവർക്കും അറിയുന്നപോലെ കഴിഞ്ഞ 3 വർഷക്കാലമായി നിരവധി സർജറികൾ പരിക്കുകൾ എനിക്ക് വെല്ലുവിളികളായിരുന്നു. എൻ്റെ പൂർണശേഷിയിലേക്ക് തിരിച്ചെത്തുന്നതിനായി ഞാൻ കഠിനാധ്വാനം ചെയ്തു. പക്ഷേ എൻ്റെ ശരീരത്തിന് അതിൻ്റേതായ പരിമിതികളുണ്ട് എന്ന് ഞാൻ മനസിലാക്കുന്നു. എനിക്ക് ഇപ്പോൾ 41 വയസ് പ്രായമുണ്ട്. നീണ്ട 24 വർഷക്കാല കരിയറിൽ ഞാൻ 1500ന് മുകളിൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ഞാൻ സ്വപ്നം കണ്ടതിലും എത്രയോ അധികം എനിക്ക് ടെന്നീസ് തന്നു. എൻ്റെ മത്സരകരിയർ അവസാനിപ്പിക്കേണ്ട സമയമായി എന്ന് ഞാൻ തിരിച്ചറിയുന്നു. ലണ്ടനിൽ അടുത്തയാഴ്ച വരാനിരിക്കുന്ന ലേവർ കപ്പ് എൻ്റെ അവസാന എടിപി ടൂർണമെൻ്റായിരിക്കും. ഞാൻ ഭാവിയിലും കൂടുതൽ ടെന്നീസ് കളിച്ചേക്കാം പക്ഷേ എടിപി ടൂറുകളിലും ഗ്രാൻസ്ലാമുകളിലുമുള്ള എൻ്റെ യാത്ര ഇവിടെ അവസാനിക്കുന്നു. വിടവാങ്ങൽ പ്രഖ്യാപിച്ചു കൊണ്ടുള്ള കുറിപ്പിൽ ഫെഡറർ പറയുന്നു.