പതിമൂന്നാം വയസിൽ ഒളിമ്പിക്‌സ് സ്വർണം! സ്വന്തം മണ്ണിൽ ചരിത്രമെഴുതി മൊമിജി നിഷിയ

Webdunia
തിങ്കള്‍, 26 ജൂലൈ 2021 (14:53 IST)
സ്വന്തം രാജ്യത്തിന് വേണ്ടി ഒളിമ്പിക്‌സ് സ്വർണമെന്നത് ഓരോ കായികതാരത്തിന്റെയും സ്വപ്‌നമാണ്. വ്യക്തിഗത ഇനത്തിൽ സ്വർണമെന്ന സ്വപ്‌നം ഏറെ നാൾ കൊണ്ടുനടക്കുന്നവരാണ് ഇന്ത്യയിലെ കായികതാരങ്ങൾ. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച കായികതാരങ്ങൾ മാറ്റുരയ്ക്കുന്ന കായികമാമാങ്കത്തിൽ അത്തരത്തിൽ ഒരു നേട്ടം പോലും അടുത്തിടെ ഇന്ത്യൻ കായികതാരങ്ങൾക്കാർക്കും സ്വന്തമാക്കാനായിട്ടില്ല.
 
ഇപ്പോഴിതാ ജപ്പാന് വേണ്ടി സ്കേറ്റ്ബോർഡിങ് സ്ട്രീറ്റ് വനിതാ വിഭാഗത്തിൽ ഒരു പതിമൂന്ന് കാരി സ്വർണം നേടിയ വാർത്തയാണ് ഒളിമ്പിക്‌സിൽ നിന്നും വരുന്നത്. സ്വന്തം മണ്ണിൽ സ്വർണം നേടാനായതിനോടൊപ്പം മറ്റൊരു തിരുത്താനാവാത്ത നേട്ടം കൂടി ജപ്പാന്റെ പതിമൂന്ന് കാരിയായ മൊമിജി നിഷിയ സ്വന്തമാക്കി. സ്കേറ്റ്‌ബോർഡിങിൽ ഒളിമ്പിക്‌സ് സ്വർണം നേടുന്ന ആദ്യതാരമാണ് മൊമിജി നിഷിയ.
 
അതേസമയം ഒളിമ്പിക്‌സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും മൊമിജി നിഷിയ സ്വന്തമാക്കി. സ്വർണം നേടുമ്പോൾ 13 വയസും 330 ദിവസവുമാണ് നിഷിയയുടെ പ്രായം. അതേസമയം ഈ ഇനത്തിൽ വെള്ളി നേടിയതും ഒരു പതിമൂന്ന് കാരിയാണ്. ബ്രസീലിന്റെ റെയ്‌സ ലീലിനാണ് വെള്ളിമെഡൽ. നിഷിയയേക്കാൾ നാല് മാസത്തിന്റെ ചെറുപ്പമാണ് റെയ്‌സ്സ.

അനുബന്ധ വാര്‍ത്തകള്‍

Next Article