പിഴവുകള്‍ കൊണ്ട് സെഞ്ച്വറി തീര്‍ത്ത ശേഷം ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍

Webdunia
തിങ്കള്‍, 25 ജനുവരി 2016 (11:21 IST)
നിലവിലെ ചാമ്പ്യന്‍ നൊവാക് ദ്യോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു‍. പിഴവുകള്‍ കൊണ്ട് സെഞ്ച്വറി തീര്‍ത്ത ദ്യോക്കോവിച്ച് അവസാനം അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലൂടെ പതിനാലാം സീഡായ ഫ്രഞ്ചുതാരം ജൈല്‍സ് സൈമണിനെ കീഴടക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്.

ക്വാര്‍ട്ടറില്‍ എത്തിയില്ലെങ്കിലും ടോപ് സീഡായ സെര്‍ബുതാരത്തെ വിറപ്പിക്കാനായതില്‍ ജൈല്‍സ് സൈമണിനു ആശ്വസിക്കാം. സ്‌കോര്‍: 6-3, 6-7, 6-4, 4-6, 6-3. അതേസമയം, ചാമ്പ്യനും വനിതാ ടോപ് സീഡുമായ സെറീന വില്യംസ് റഷ്യന്‍ താരം മാര്‍ഗരീറ്റ ഗാസ്പരായനെ അനായാസം കീഴടക്കി (6-2, 6-1) ക്വാര്‍ട്ടറിലെത്തി.

മുന്‍ ചാമ്പ്യന്‍ ഫെഡറര്‍ ബെല്‍ജിയം താരം ഡേവിഡ് ഗോഫിനെ 6-2, 6-1, 6-4ന് പ്രീക്വാര്‍ട്ടറില്‍ തകര്‍ത്ത്  ക്വാര്‍ട്ടറിലെത്തി. കൂടാതെ ഏഴാം സീഡ് കെയി നിഷിക്കോരി, ചെക്ക് താരം തോമസ് ബെര്‍ഡിഷ്, വനിതാവിഭാഗം അഞ്ചാം സീഡ് മരിയ ഷറപ്പോവ, നാലാം സീഡ് അഗ്‌നീസ്‌ക റഡ്വാന്‍സ്‌ക, സ്പാനിഷ് താരം കാര്‍ല സുവാരസ് എന്നിവരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

പുരുഷവിഭാഗം ഡബ്ള്‍സില്‍ തോല്‍വി പിണഞ്ഞ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ മിക്‌സഡ് ഡബിള്‍സില്‍ വിജയം കണ്ടു. ലിയാന്‍ഡര്‍ പേസും മാര്‍ട്ടിന ഹിംഗിസുമടങ്ങിയ സഖ്യവും മിക്‌സഡ് ഡബ്ള്‍സില്‍ രണ്ടാം റൗണ്ടിലെത്തി.

ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍ നിഷിക്കോരിയെ നേരിടും. നിഷിക്കോരി ഒമ്പതാം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയ്‌ക്കെതിരെ ഏകപക്ഷീയ വിജയം നേടി (6-4, 6-3, 6-4)യാണ് ക്വാര്‍ട്ടറിലെത്തിയത്. 2014 യു എസ് ഓപ്പണ്‍ സെമിയിലാണ് നിഷിക്കോരിയും ദ്യോക്കോവിച്ചും ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ അവസാനം മാറ്റുരച്ചത്.