Paris Olympics 2024: വിജയത്തിന് പ്രചോദനമായത് ഭഗവത് ഗീത- മെഡൽ നേട്ടത്തിന് പിന്നാലെ മനു ഭാക്കർ

അഭിറാം മനോഹർ

തിങ്കള്‍, 29 ജൂലൈ 2024 (10:39 IST)
Paris Olympics, Manu bhaker
പാരീസ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി ചരിത്രം തീര്‍ത്തതിന് പിന്നാലെ ഭഗവത് ഗീത ഉദ്ധരിച്ച് മനു ഭാക്കര്‍. മെഡല്‍ നേട്ടത്തീന് പിന്നിലെ പ്രചോദനം ഭഗവത് ഗീതയായിരുന്നുവെന്ന് മത്സരശേഷം മനു ഭാക്കര്‍ പറഞ്ഞു.
 
എനിക്ക് ഏറെ സന്തോഷം തോന്നുന്നു. ഇന്ത്യയ്ക്ക് ഏറെ നാളായി ലഭിക്കേണ്ടിയിരുന്ന മെഡലാണിത്. ഞാന്‍ അതിനുള്ള ഒരു ഉപാധി മാത്രമാണ്, ഇന്ത്യ കൂടുതല്‍ മെഡലുകള്‍ അര്‍ഹിക്കുന്നു. ഇത്തവണ കഴിയുന്നത്ര പരിപാടികള്‍ക്കായി കാത്തിരിക്കുന്നു. വ്യക്തിപരമായി എനിക്കിത്, ഈ വികാരം അതിശയകരമാണ്. ഞാന്‍ നന്നായി തന്നെ ചെയ്‌തെന്ന് തോന്നുന്നു. എന്റെ ഊര്‍ജം പരമാവധി ഞാന്‍ ഉപയോഗപ്പെടുത്തി. പോരാടി. ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടാനായതില്‍ അഭിമാനമുണ്ട്. അടുത്ത തവണ കൂടുതല്‍ മെച്ചപ്പെടാം.
 
സത്യം പറഞ്ഞാന്‍ ഞാന്‍ കുറെ ഗീത പാരായണം ചെയ്തിരുന്നു. നിങ്ങള്‍ ഉദ്ദേശിച്ചത് ചെയ്യുക എന്നതാണ് മനസിലൂടെ കടന്നുപോയത്. ചെയ്യേണ്ടത് ചെയ്ത് അതിനെ വെറുതെ വിടുക. വിധി എന്ത് തന്നെയായാലും അതിനെ നിയന്ത്രിക്കാനാവില്ല എന്ന് ഗീതയില്‍ കൃഷ്ണന്‍ അര്‍ജുനനോട് പറയുന്നുണ്ട്. കര്‍മയിലാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്, കര്‍മഫലത്തിലല്ല എന്ന്. അത് മാത്രമാണ് എന്റെ തലയിലൂടെ ഓടിയത്. നിങ്ങള്‍ക്ക് കഴിയുന്നത് ചെയ്യുക. ബാക്കി അതിന്റെ വഴിക്ക് വിടുക എന്നതായിരുന്നു ചിന്ത. മെഡല്‍ നേട്ടത്തിന് ശേഷം മനു ഭാക്കര്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍