കേരള ബ്ലാസ്റ്റേഴ്സ്‌ കേരളത്തിന്റെ സ്വന്തം ഫുട്ബോള്‍ ക്ലബ്

Webdunia
ചൊവ്വ, 27 മെയ് 2014 (12:21 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്‌എല്‍) കേരളത്തിന്റെ ക്ലബ്ബിന് നാമകരണാമായി. കേരള ബ്ലാസ്റ്റേഴ്സ്‌ ഫുട്ബോള്‍ ക്ലബ്‌ എന്നാണ് കേരള ക്ലബ്ബിന് പേരിട്ടിരിക്കുന്നത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സ്വന്തമാക്കിയ കൊച്ചി ഫ്രാഞ്ചൈസിയുടെ പേര്‌ ഇന്ന് കേരള്‍ത്തില്‍ വച്ച് മുഖ്യമന്ത്രിയെ കണ്ടതിനു ശേഷമായിരുന്നു പ്രഖ്യാപിച്ചത്.

തിരുവനന്തപുരത്ത്‌ നടന്ന വാര്‍ത്താസമ്മേളനത്തില്‍, സച്ചിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്‌ പേര്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌. രാവിലെ സെക്രട്ടേറിയറ്റിലെത്തിയ സച്ചിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടണ്ടിയും മന്ത്രിമാരും ചേര്‍ന്ന്‌ സ്വീകരിച്ചു. കേരളത്തിന്റെ ഉപഹാരമായി ആറന്മുള കണ്ണാടി മുഖ്യമന്ത്രി സച്ചിനു സമ്മാനിച്ചു.

തുടര്‍ന്ന് മുഖ്യമന്ത്രിയുമായി പത്തുമിനുട്ട് നേരം കൂടിക്കാഴ്ച നടത്തിയതിനു ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് ക്ലബ്ബിന്റെ പേര് പ്രഖ്യാപിച്ചത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന തന്റെ വിശേഷണത്തില്‍ നിന്നാണ്‌ ടീമിന്‌ കേരള ബ്ലാസ്റ്റേഴ്സ്‌ എന്ന പേരു ലഭിച്ചതെന്ന്‌ സച്ചിന്‍ അറിയിച്ചു.

കേരളം നല്‍കിയ സ്വീകരണത്തിന്‌ സന്തോഷമുണ്ടെന്നും സച്ചിന്‍ അറിയിച്ചു. ഇതിനിടെ കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസഡറാകണമെന്നുള്ള മുഖ്യമന്ത്രിയുടെ ക്ഷണം സസ്നേഹം സച്ചിന്‍ സ്വീകരിച്ചു.