ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എപ്പോഴും അത്ഭുതങ്ങളാണ് സംഭവിക്കുന്നത്. കളം പിടിക്കാനും കപ്പെടുക്കാനും ടീമുകള്‍ നടത്തുന്ന തന്ത്രങ്ങള്‍ പലപ്പോഴും ആരാധകരേപ്പോലും അത്ഭുതപ്പെടുത്താറുണ്ട്. ഇക്കാര്യത്തില്‍ നമ്മുടെ ടീമായ കേരളാ ബ്ലാസ്റ്റേഴ്സും ഒട്ടും പിന്നിലല്ല.ഇന്ത്യന്‍ ഫുട്‌ബോളിലെ മഞ്ഞപ്പടയായ കേരള ബ്ലാസ്റ്റേഴ്‌സിനെ നയിക്കാന്‍ ലോകഫുട്‌ബോളിലെ മഞ്ഞപ്പടക്കാരായ ബ്രസീലില്‍നിന്ന് റൊണാള്‍ഡിന്യോ എത്തുന്നതായാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍.
മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേന പരിക്കേറ്റ് പോയതിന് പകരം റൊണാള്‍ഡീന്യോ വരുമെന്നാണ് അഭ്യൂഹം. ഫേസ്ബുക്ക് ഉള്‍പ്പടേയുള്ള സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ചര്‍ച്ച ഇപ്പോള്‍ റോണാള്‍ഡിന്യോയേ പറ്റിയാണ്. വിദേശ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റുകള്‍ റൊണാള്‍ഡീന്യോയുടെ വരവ് ഉറപ്പിച്ചു എന്നും പോസ്റ്റുകളുണ്ട്. എന്നാല്‍, ക്ലബ്ബ് അധികൃതര്‍ ഇക്കാര്യത്തില്‍ യാതൊരഭിപ്രായവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രഥമ സീസണില്‍ ചെന്നൈയിന്‍ എഫ്.സി. ബ്രസീല്‍ താരത്തെ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. താരത്തെ കൊണ്ടുവരാന്‍ പറ്റിയാല്‍ അത് കേരളത്തിന് നേട്ടമാകും. മികച്ച പ്ലേമേക്കറുടെ അഭാവം ടീമിനുണ്ട്. റൊണാള്‍ഡീന്യോ വന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ഇതിനുപുറമേ ആരാധകസമ്പത്ത് വര്‍ധിപ്പിക്കാനും കഴിയും. ഇന്ത്യയില്‍ ബ്രസീല്‍ താരത്തിന് ഏറെ ആരാധകരുണ്ട്.