ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തിയത്.
രണ്ടാം പകുതിയിലെ 64 ആം മിനിറ്റിലാണ് വിജയഗോള്‍ പിറന്നത്. കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് ആണ് വിജയഗോള്‍ നേടിയത്. മൈതാനത്തിന്റെ മധ്യഭാഗത്തിന്റെ അപ്പുറത്തു നിന്ന് പന്തെടുത്ത് കുതിച്ച ബെല്‍ഫോര്‍ട്ടിന്റെ വ്യക്തിഗത മിടുക്കിലാണ് ഗോള്‍ പിറന്നത്.
ഇതോടെ ഫൈനലിലേക്കുള്ള സാധ്യത കേരള ബ്ലാസ്റ്റേഴ്സ് മെച്ചപ്പെടുത്തി. ആദ്യപാദ സെമി വിജയിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വെച്ചു ബുധനാഴ്ച നടക്കുന്ന രണ്ടാംപാദ സെമിയില്‍ സമനില പിടിച്ചാലും ബ്ലാസ്റ്റേഴ്സിന് ഫൈനല്‍ പ്രവേശം ഉറപ്പാണ്. നിറഞ്ഞുകവിഞ്ഞ ഗാലറിയെ സാക്ഷിയാക്കിയായിരുന്നു ആദ്യപാദ സെമിയിലെ ബ്ലാസ്റ്റേഴ്സിന്റെ വിജയം.