സച്ചിന്റെ ഓഹരികൾ വാങ്ങിയത് ചിരഞ്‌ജീവിയും അല്ലു അരവിന്ദും

Webdunia
തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (10:09 IST)
കേരള ബ്ലാസ്‌റ്റേഴ്‌സിൽ സച്ചിൽ തെണ്ടുൽ‌ക്കറുടെ 20 ശതമാനം ഓഹരികൾ വാങ്ങിയത് തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയും നിർമാതാവ് അല്ലു അരവിന്ദും. ഇവരോടൊപ്പം ഐക്വസ്റ്റ് ഗ്രൂപ്പും കൂടി ചേർന്നാണ് ഓഹരികൾ ഏറ്റെടുത്തതെന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ കൈമാറിയെന്നത് സച്ചിൽ സ്ഥിരീകരിച്ചത്.
 
സച്ചിന്റെ ഓഹരികള്‍ ടീമിനു പുറത്തുനിന്നുള്ള ഗ്രൂപ്പുകൾ വാങ്ങിയെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. ഇക്കാര്യം ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് തള്ളുകയായിരുന്നു. ബ്ലാസ്റ്റേഴ്സിൽ 40 ശതമാനം ഓഹരികളുണ്ടായിരുന്ന സച്ചിന്‍ പിന്നീട് 20 ശതമാനം വിൽപന നടത്തി. ശേഷിച്ചിരുന്ന 20 ശതമാനമാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്.
 
2014 ല്‍ ഐഎസ്‌എല്‍ തുടങ്ങിയത് മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൂടെ നിന്ന സച്ചിന്റെ പിന്മാറ്റം ബ്ലാസ്റ്റേഴ്‌സ് ടീമിനേയും ആരാധകരേയും നിരാശരാക്കുമെന്നതില്‍ തര്‍ക്കമില്ല. സച്ചിന്റെ സാന്നിധ്യം ടീമിന് എന്നും ആവേശവും പ്രചോദനവുമായിരുന്നു.
 
2015ൽ സച്ചിനും പിവിപി ഗ്രൂപ്പും ചേർന്നായിരുന്നു  ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വാങ്ങിയത്. എന്നാൽ 2018 മെയിൽ നടന്ന ഐഎസ്‌എല്‍ മത്സരത്തിന് മുന്നോടിയായി പിവിപി ഗ്രൂപ്പ് ഓഹരികൾ വിറ്റഴിച്ചിരുന്നു.
 
സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും പിവിപി ഗ്രൂപ്പിന്റെയും സംയുക്‌ത ഉടമസ്‌ഥാവകാശത്തിലാണ്‌ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ രണ്ടു സീസണുകളില്‍ കളിച്ചത്‌.

അനുബന്ധ വാര്‍ത്തകള്‍

Next Article