കൈപ്പിടിയിൽ നിന്ന് അത്‌ലറ്റിക്‌സ് മെഡൽ നഷ്ടമായത് പല തവണ, ഒടുവിൽ നീരജിലൂടെ സ്വർണം: ഇന്ത്യക്ക് ഇത് സ്വപ്‌നസാഫല്യം

Webdunia
ശനി, 7 ഓഗസ്റ്റ് 2021 (18:11 IST)
ഒളിമ്പിക്‌സിൽ നീരജ് ചോപ്രയിലൂടെ ആദ്യ അത്‌ലറ്റിക്‌സ് സ്വർണം കരസ്ഥമാക്കി ഇന്ത്യ.  മിൽഖാ സിങ്ങിലൂടെയും പി‌ടി ഉഷയിലൂടെയും അഞ്ജു ബോബി ജോർജിലൂടെയും ആദ്യ അത്‌ലറ്റിക്‌സ് മെഡൽ നേട്ടമെന്ന സ്വപ്‌നത്തിന് ഏറെ അടുത്തെത്താൻ ഇന്ത്യയ്‌ക്കായെങ്കിലും ഒരു മെഡൽ നേട്ടമെന്നത് ഏറെ കാലമായി രാജ്യത്തിന് സ്വപ്‌നമായി അവശേഷിക്കുകയായിരുന്നു. ഈ പാഴായ സ്വപ്‌നങ്ങളുടെ മുഴുവൻ ശോഭയും നീരജിന്റെ മെഡലിന് സ്വന്തമാകുമ്പോൾ അത് ഇന്ത്യൻ അത്‌ലറ്റിക്‌സ് ചരിത്രത്തെ പുതിയൊരു തലത്തിലേക്കാണ് പിടിച്ചുയർത്തുന്നത്.
 
 
1960 റോം ഒളിമ്പിക്‌സിൽ 400 മീറ്ററിൽ മിൽഖാ സിങ് നാലാമതായി അവസാനിച്ചതും സെക്കന്റിന് നൂറിലൊരംശം സമ‌യത്തിന്റെ വ്യത്യാസത്തിൽ 1984ലെ ലോസാഞ്ചലസ് ഒളിമ്പിക്‌സിൽ പിടി ഉഷയ്ക്ക് വെങ്കല മെഡൽ നഷ്ടമായതും 2004ലെ ഏതൻസ് ഒളിമ്പിക്‌സിൽ 6.83 ദൂരം താണ്ടി അഞ്ചു ബോബി ജോർജ് അഞ്ചാമതായി അവസാനിപ്പിച്ചതുമാണ് അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടങ്ങൾ. 
 
എന്നാൽ ഈ മൂന്ന് പ്രകടനങ്ങൾ കൊണ്ടും ഒരിക്കൽ പോലും അത്‌ലറ്റിക്‌സ് മെഡൽ നേടാൻ ഇന്ത്യയ്ക്കായിരുന്നില്ല. ഈ മെഡൽ വരൾച്ചയ്ക്കാണ് നീരജ് ഇന്ന് വിരാമമിട്ടിരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് മരണപ്പെട്ട ഇന്ത്യയുടെ ഇതിഹാസ താരം മിൽ‌ഖാ സിങ് ഈ മെഡൽ നേട്ടം കാണാൻ ജീവനോടെ ഇരിപ്പില്ല എന്നത് മാത്ര‌മാണ് നീരജിന്റെ വിജയത്തിൽ ഏതൊരു കായികപ്രേമിയേയും അൽപമെങ്കിലും അലട്ടുന്ന വിഷമം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article