നിങ്ങൾ നൽകിയത് സ്വർണം മാത്രമല്ല, ഇന്ത്യൻ കായികരംഗത്തിന് ഇത് ജീവശ്വാസം: ടോക്യോയിൽ ചരിത്രം കുറിച്ച് നീരജ് ചോപ്ര

ശനി, 7 ഓഗസ്റ്റ് 2021 (17:51 IST)
ജാവലിൻ ത്രോയിൽ 87.03 മീറ്റര്‍ ദൂരം നീരജ് ചോപ്രയുടെ ജാവലിൻ താണ്ടുമ്പോൾ ആ നീളം കൂടിയ ജാവലിന് 130 കോടി ജനങ്ങളുടെ പ്രതീക്ഷക‌ളുടെ കൂടി ഭാരമുണ്ടായിരിക്കണം. തന്റെ രണ്ടാം ശ്രമത്തിൽ തന്നെ 87.58 മീറ്റർ കുറിച്ചതോടെ എതിരാളികളില്ലാതെയാണ് നീരജ് ചോപ്ര സ്വർണത്തിലേക്ക് നടന്നുകയറിയത്.
 
അത്‌ലറ്റിക്‌സിൽ ആദ്യമായി ഒരു മെഡൽ ഇന്ത്യയിലേക്കെത്തുമ്പോൾ അത് സ്വർണമായിരിക്കണമെന്ന് ഒരുപക്ഷേ ദൈവം എന്നേ കുറിച്ചുവെച്ചിരിക്കണം. മിൽഖാ സിങ്ങിലൂടെയും പി‌ടി ഉഷയിലൂടെയും അഞ്ജു ബോബി ജോർജിലൂടെയും ആദ്യ അത്‌ലറ്റിക്‌സ് മെഡൽ നേട്ടമെന്ന സ്വപ്‌നത്തിലേക്ക് ഇന്ത്യ ശ്രമം നടത്തിയെങ്കിലും അത് അവസാനമായി യാഥാർത്ഥ്യമാവുന്നത് നീരജിന്റെ സ്വർണനേട്ടത്തോടെയാണ്.
 
മത്സരത്തിൽ നീരജിന് ഏറ്റവും വലിയ വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ട, ഈ വർഷം 96 മീറ്ററിലേറെ ദൂരം കുറിച്ച ജര്‍മ്മന്‍ താരം യൊഹാനസ്‌ വെറ്റര്‍ ആദ്യ റൗണ്ടുകളിൽ ഫൗൾ ആയതിനെ തുടർന്ന് പുറത്തായതാണ് നീരജിന് കാര്യങ്ങൾ എളുപ്പമാക്കിയത്. രണ്ടാം ശ്രമത്തിൽ 87 മീറ്റർ കുറിച്ച നീരജിന് വെല്ലുവിളി ഉയർത്തുന്ന ശ്രമങ്ങൾ ഒന്നും തന്നെ എതിരാളികളിൽ നിന്ന് ഉണ്ടായില്ല. 
 
മെഡൽ നേട്ടത്തോടെ ഇന്ത്യയുടെ കായികഭൂപടത്തിൽ ആദ്യ അത്‌ലറ്റിക്‌സ് സ്വർണമെന്ന തിരുത്താനാവാത്ത നേട്ടമാണ് നീരജ് കുറിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍