ഘാനയുടെ ഫുട്ബാള്‍ ഇതിഹാസം ചാള്‍സ് കുമി ഗ്യംഫി അന്തരിച്ചു

Webdunia
വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (10:12 IST)
ഘാനയുടെ ഇതിഹാസ ഫുട്ബാള്‍ താരം ചാള്‍സ് കുമി ഗ്യംഫി (88) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. ജര്‍മനിയില്‍ കളിക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍ താരമാണ് ഫോര്‍ച്ചുന ഡ്യുസ്സെല്‍ഡോര്‍ഫിന്റെ കളിക്കാരനായിരുന്ന ഗ്യാംഫി.

ഘാനയിലെ മുന്‍നിര ക്ലബുകളായ അസാന്റെ കൊടുക്കോ, അക്ര ഹാര്‍ട്ട്‌സ് ഓഫ് ഓക്ക് എന്നിവയ്ക്കുവേണ്ടി കളിച്ച ഗ്യാംഫി പിന്നീട് ദേശീയ ടീമിന്റെ പരിശീലകനുമായി. ഗ്യാംഫിയുടെ ശിക്ഷണത്തിലാണ് ഘാന മൂന്ന് തവണ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സ്വന്തമാക്കിയത്. 1963, 65, 82 വര്‍ഷങ്ങളിലായിരുന്നു ഈ നേട്ടം.

ആഫ്രിക്കന്‍ ഫുട്‌ബോളിലെ ഏറ്റവും മികവുറ്റ പരിശീലകന്‍ എന്ന ബഹുമതിയാണ് ഈ നേട്ടം ഗ്യാംഫിക്ക് നേടിക്കൊടുത്തത്. 1964, 72 ഒളിംപിക്‌സുകളിലും ഗ്യാംഫിയായിരുന്നു ഘാനയുടെ പരിശീലകന്‍. 1999, 2001 യൂത്ത് ലോകകപ്പിന്റെ ടെക്‌നിക്കല്‍ സ്റ്റഡി ഗ്രൂപ്പില്‍ അംഗമായിരുന്നു. കളി മറന്ന് പണത്തിന് പിറകെ പോവുന്ന കളിക്കാരുടെ പ്രവണതയുടെ വിമര്‍ശകന്‍ കൂടിയായിരുന്നു ഗ്യാംഫി.