ദീപ കര്‍മാക്കറെ കാണാനില്ല; എവിടെയെന്ന് കോച്ചിനു മാത്രമെ അറിയൂ - ദീപയുടെ ഫോണില്‍ നിന്ന് സിം കാര്‍ഡ് നീക്കം ചെയ്‌തു!

Webdunia
ചൊവ്വ, 9 ഓഗസ്റ്റ് 2016 (14:05 IST)
ഒളിമ്പിക്‌സ് ജിംനാസ്റ്റിക്കില്‍ ഫൈനലില്‍ കടന്ന് ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ താരം ദീപ കര്‍മാക്കറിന് ഇന്ന് ജന്മദിനം. എന്നാല്‍ ഓഗസ്റ്റ് പതിനാലിന് നടക്കുന്ന ഫൈനലില്‍ മെഡല്‍ ലക്ഷ്യമാക്കി പരിശീലനം നടത്തുന്ന ദീപയെ അതീവ രഹസ്യമായി പാര്‍പ്പിച്ചിരിക്കുകയാണ് കോച്ച് ബിശ്വേശ്വര്‍ നന്ദി.

ഇന്ന് ജന്മദിനം ആയിട്ട് പോലും ദീപയോട് ആര്‍ക്കും സംസാരിക്കാന്‍ പരിശീലകന്‍ അനുവാദം നല്‍കിയിട്ടില്ല. റൂം മേറ്റ് മിരാ ഭായ് ചാനും  മാതാപിതാക്കള്‍ക്കും മാത്രമാണ് ദീപയുമായി സംസാരിക്കാന്‍ അനുവാദമുളളത്. ബിശ്വേശ്വര്‍ നന്ദി എല്ലായിപ്പോഴും പരിശീലന നിര്‍ദേശവുമായി ദീപയുടെ അരികില്‍ തന്നെയുള്ളതിനാല്‍ ആരും ഒളിമ്പിക്‌സ് വില്ലേജിലെ ഇവരുടെ മുറിക്ക് സമീപം പോലും എത്താറില്ല.

ദീപയുടെ ഫോണില്‍ നിന്ന് സിം കാര്‍ഡ് നീക്കം ചെയ്‌തിട്ടുണ്ടെങ്കിലും മാതാപിതാക്കളുമായി സംസാരിക്കാന്‍ സമയം അനിവദിച്ചിട്ടുണ്ട്. അതും അത്യാവശ്യഘട്ടങ്ങളില്‍ മാത്രം. ലക്ഷ്യം നേടുന്നതിന് ഒരു പ്രതിബദ്ധവും ഉണ്ടാകാതിരിക്കാനാണ് കര്‍ശനമായ നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ബിശ്വേശ്വര്‍ നന്ദി വ്യക്തമാക്കി.

ദീപയുടെ 22മത് ജന്മദിനമായ ഇന്ന് അവളുടെ മാതാപിക്കള്‍ക്ക് അവളോട് അല്‍പ സമയം സംസാരിക്കാന്‍ വേണ്ടി ഒഴിവ് അനുവദിക്കും. കുറച്ച് കൂട്ടുകാര്‍ മാത്രമാണ് ദീപയ്ക്ക് ഉള്ളതെന്നും മത്സര ശേഷം വലിയ ആഘോഷം സംഘടിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും നന്ദി കൂട്ടിച്ചേര്‍ത്തു.

16 വര്‍ഷമായി ദിപയുടെ വ്യക്തിഗത കോച്ചായി ഒപ്പമുള്ള നന്ദി കടുത്ത പരിശീലനത്തിന് പുറമേ കര്‍ശനമായ നിര്‍ദ്ദേശങ്ങളും ഈ ജിംനാസ്റ്റിക് താരത്തിനുണ്ട്. പരിശീലനത്തിനും വിശ്രമത്തിനുമായി നിശ്ചയിച്ച സമയത്തില്‍ ഇളവ് അനുവദിക്കാത്ത കണിശക്കാരനായ കോച്ചാണ് നന്ദി. റിയോയില്‍ അദ്ദേഹം ആ കണിശത തുടരുകയാണ്. ജിംനാസ്റ്റിക്കില്‍ താല്‍പ്പര്യമില്ലാതിരുന്ന ദീപയെ ഇപ്പോള്‍ കാണുന്ന ദീപയാക്കി മാറ്റിയത് ആറാം വയസുമുതല്‍ നല്‍കുന്ന കടുത്ത പരിശീലനമാണെന്ന് നന്ദി പറയുന്നു.
Next Article