ഏഷ്യന്‍ ഗെയിംസ് വേദിയായ ചൈനയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം റദ്ദാക്കി കേന്ദ്ര വാര്‍ത്താവിതരണ കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍. അരുണാചലില്‍ നിന്നുള്ള താരങ്ങള്‍ക്ക് ചൈന സന്ദര്‍ശനം നിഷേധിച്ച പശ്ചാത്തലത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. അരുണാചലില്‍ നിന്നുള്ള 3 വുഷു താരങ്ങള്‍ക്കാണ് ഏഷ്യന്‍ ഗെയിംസിനുള്ള പ്രവേശനം നിഷേധിച്ചത്. ഇന്ത്യന്‍ വുഷു ടീമിലെ ബാക്കി 7 പേരും ഇതിനകം ചൈനയിലെത്തിയിട്ടുണ്ട്.
ചൈനയുടെ നടപടി വിവേചനപരമാണെന്നും ഇന്ത്യന്‍ പൗരന്മാരോട് ഒരു തരത്തിലുള്ള വംശീയവിവേചനവും രാജ്യം അനുവദിക്കില്ലെന്നും ഇന്ത്യന്‍ വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ചൈനയുടെ നടപടി ഏഷ്യന്‍ ഗെയിംസിന്റെ ആവേശം കെടുത്തുന്നതായും ബാഗ്ചി വ്യക്തമാക്കി. ഏഷ്യന്‍ ഗെയിംസില്‍ അനുവധി നിഷേധിക്കപ്പെട്ട 3 കായികതാരങ്ങളും നിലവില്‍ ഡല്‍ഹിയിലെ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ ഹോസ്റ്റലിലാണ്. വിഷയത്തില്‍ ഏഷ്യന്‍ ഗെയിംസ് സംഘാടകരോടും ഏഷ്യന്‍ ഒളിമ്പിക്‌സ് കൗണ്‍സിലിനോടും ചര്‍ച്ച നടത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. അരുണാചല്‍ പ്രദേശ് എന്ന് വിളിക്കപ്പെടുന്ന ദക്ഷിണ ടിബറ്റ് മേഖല തങ്ങളുടെ അതിര്‍ത്തിപ്രദേശമാണെന്ന നിലപാടാണ് ചൈനയ്ക്കുള്ളത്. ഈ രാഷ്ട്രീയ പക്ഷത്തിലാണ് ചൈനയുടെ നടപടി. അന്താരാഷ്ട്ര നയതന്ത്രബന്ധത്തില്‍ നിലവില്‍ കാനഡയോട് ഇടഞ്ഞ് നില്‍ക്കുന്ന ഇന്ത്യയ്ക്ക് അടുത്ത തലവേദന നല്‍കുന്നതാണ് ചൈനയുടെ പുതിയ നടപടി.