2018ലെ ലോകകപ്പ് വേദി യൂറോപ്പിന് മാത്രം !

Webdunia
ചൊവ്വ, 26 ജനുവരി 2010 (12:59 IST)
PRO
2018 ലെ ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കാനുള്ള മത്സരത്തില്‍ യൂറോപ്പിനെ മാത്രമേ പരിഗണിക്കൂവെന്ന് സൂചന. 2010 ലെ ലോകകപ്പ് ദക്ഷിണാഫ്രിക്കയിലും 2014 ലോകകപ്പ് ബ്രസീലിലും നടക്കുന്ന സാഹചര്യത്തില്‍ 2018ലെ ലോകകപ്പ് വേദി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ ആലോചിക്കുന്നതായി ഫിഫ പ്രസിഡന്‍റ് സെപ് ബ്ലാറ്റര്‍ പറഞ്ഞു.

2018 ലെ ലോകകപ്പിനായി റഷ്യയും ഇംഗ്ലണ്ടും രംഗത്തുള്ളപ്പോള്‍ 2018ലെയോ 2022ലേയോ ലോകകപ്പ് സ്വന്തമാക്കാനായി സ്പെയിന്‍, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളുമുണ്ട്. ഇതിനെല്ലാം പുറമെയാണ് യൂറോപ്യന്‍ രാജ്യങ്ങളല്ലാത്ത ഓസ്ട്രേലിയ, ജപ്പാന്‍, അമേരിക്ക, എന്നീ രാജ്യങ്ങളും 2018ലെ ലോകകപ്പ് വേദിയാവാന്‍ അരയും തലയും മുറുക്കി രംഗത്തു വന്നിട്ടുള്ളത്.

ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്ക് 2022ലെ ലോകകപ്പ് വേദിയാവാനാണ് താല്‍‌പ്പര്യം. എന്നാല്‍ 2018 ലോകകപ്പ് വേദി യൂറോപ്പിനു മാത്രമായി പരിമിതപ്പെടുത്തുന്നതു സംബന്ധിച്ച് യുവേഫ മേധാവി മിഷേല്‍ പ്ലാറ്റിനിയുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ബ്ലാറ്റര്‍ വ്യക്തമാക്കിയതോടെ എറെ പ്രതീക്ഷ പുലര്‍ത്തിയ ഓസ്ട്രേലിയയുടെയും യു എസിന്‍റെയും സ്വപ്നങ്ങളാണ് വെള്ളത്തിലായത്.

ഇതൊക്കെയാണെങ്കിലും ഈ രാജ്യങ്ങള്‍ക്ക് ചെറിയൊരു പ്രതീക്ഷ നല്‍കാനും ബ്ലാറ്റര്‍ തയ്യാറായിട്ടുണ്ട്. വേദി സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ബ്ലാറ്റര്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഡിസംബറിലാണ് 2018ലെ ലോകകപ്പ് വേദി ഫിഫ പ്രഖ്യാപിക്കുക.