സെറീനയ്ക്ക് കിരീടധാരണം!

Webdunia
ശനി, 31 ജനുവരി 2009 (17:06 IST)
PTI
തുടര്‍ച്ചയായ ആധികാരിക വിജയങ്ങളിലൂടെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിറഞ്ഞു നിന്ന സെറീന്യ വില്യംസ് ആ കിരീടം തലയില്‍ വയ്ക്കാതെയെങ്ങനെ സമാധാനിക്കും. കലാശക്കളിയില്‍ മികച്ച പ്രകടനത്തിലൂടെ തന്നെയാണ് സെറീന കിരീടധാരണം നടത്തിയിരിക്കുന്നത്, അതായത് എതിരാളിക്ക് ഒരു പഴുതുപോലും നല്‍കാതെയുള്ള പ്രഫഷണല്‍ വിജയം!

ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സ് കിരീടം അമേരിക്കയുടെ സെറീന വില്യംസിന്. കിരീടപ്പോരാട്ടത്തില്‍ റഷ്യയുടെ ദിനാര സഫീനയെ നേരിട്ടുള്ള സെറ്റുകളില്‍(6-0, 6-1) കീഴടക്കിയാണ് സെറീന ഓസ്ട്രേലിയന്‍ ഓപ്പണിലെ നാലാം കിരീടമുയര്‍ത്തിയത്.

ഇതിനുമുമ്പ് ഒരു ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ മാത്രം കളിച്ചിട്ടുള്ള റഷ്യന്‍ താരം മരറ്റ് സഫിന്‍റെ സഹോദരികൂടിയായ സഫീനയ്ക്ക് സെറീനയുടെ കരുത്തിനും പരിചയസമ്പത്തിനും മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.

ആദ്യ സെറ്റില്‍ പോരാട്ടമൊന്നുമില്ലാതെ കീഴടങ്ങിയ സഫീന രണ്ടാം സെറ്റില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സെറീനയുടെ കരുത്തിനു മുന്നില്‍ അടിയറവ് പറയുകയായിരുന്നു.