സുരക്ഷാപ്രശ്നം: ഇന്ത്യ- പാക് മത്സരം റദ്ദാക്കി

Webdunia
ശനി, 16 മാര്‍ച്ച് 2013 (17:02 IST)
PRO
PRO
സുരക്ഷാപ്രശ്നങ്ങളാല്‍ ഇന്ത്യയും പാകിസ്‌ഥാനും തമ്മില്‍ നടക്കാനിരുന്ന ഹോക്കി സീരിസ്‌ റദ്ദാക്കി. സുരക്ഷാ കാരണങ്ങളാല്‍ കേന്ദ്ര സര്‍ക്കാര്‍ പരമ്പരയ്‌ക്ക്‌ അനുമതി നല്‍കിയില്ലെന്ന്‌ ഹോക്കി ഇന്ത്യ അറിയിച്ചു. പരമ്പര ഉപേക്ഷിക്കാന്‍ ഹോക്കി ഇന്ത്യക്ക്‌ വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കുകയായിരുന്നു.

പാകിസ്‌ഥാന്‍ ടീം അടുത്ത മാസം ഇന്ത്യയിലും ഇന്ത്യ മേയില്‍ പാകിസ്‌ഥാ‍നിലും അഞ്ച്‌ മത്സരങ്ങള്‍ വീതം കളിക്കാനായിരുന്നു തീരുമാനം‌. ഏപ്രില്‍ അഞ്ചു മുതല്‍ 15 വരെ നടക്കുന്ന പരമ്പരയ്‌ക്ക്‌ റാഞ്ചി, ലഖ്‌നൗ, ഡല്‍ഹി, മൊഹാലി, ജലന്ധര്‍ എന്നിവിടങ്ങളിലായിരുന്നു വേദി നിശ്‌ചയിച്ചിരുന്നത്‌.
ഏപ്രില്‍ 23 നു തുടങ്ങുന്ന ഇന്ത്യയുടെ പാക്‌ പര്യടനത്തില്‍ ലാഹോര്‍, െഫെസലാബാദ്‌, കറാച്ചി, സിയാല്‍കോട്ട്‌ എന്നീ നഗരങ്ങള്‍ വേദിയായി തീരുമാനിച്ചിരുന്നു.

2006 ലാണ്‌ ഇന്ത്യയും പാകിസ്‌ഥാനും അവസാനം ദ്വിരാഷ്‌ട്ര പരമ്പര കളിച്ചത്‌. ഇരുരാജ്യങ്ങളിലുമായി മൂന്നു മത്സരങ്ങള്‍ വീതം നടത്തി. പാകിസ്‌ഥാന്‍ മൂന്നു കളികള്‍ ജയിച്ചിരുന്നു. ഒരെണ്ണത്തില്‍ മാത്രമാണ്‌ ഇന്ത്യ ജയിച്ചത്‌.

പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ അഫ്‌ഗല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരേ പാകിസ്‌ഥാന്‍ പാര്‍ലമെന്റ്‌ പ്രമേയം പാസാക്കിയതും ശ്രീനഗറിലെ സിആര്‍പിഎഫ്‌ ക്യാമ്പിനു നേരെ പാക്‌ അനുകൂല ഭീകരര്‍ നടത്തിയ വെടിവെയ്‌പ്പില്‍ അഞ്ചു ജവാന്‍മാര്‍ കൊല്ലപ്പെട്ടതും ഹോക്കി പരമ്പരയുടെ നടത്തിപ്പ്‌ പ്രതിസന്ധിയിലാക്കി.

ദ്വിരാഷ്‌ട്ര പരമ്പരയുടെ നടത്തിപ്പിന്‌ കായിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ അനുമതി ആവശ്യമായിരുന്നു. കായിക മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പരമ്പരയ്‌ക്ക്‌ അനുമതി നല്‍കിയെങ്കിലും വിദേശകാര്യ മന്ത്രാലയം എതിര്‍ക്കുകയായിരുന്നു.