സമരം ചെയ്യുന്ന കളിക്കാരെ വിലക്കുമെന്ന് ഫെഡറേഷന്‍

Webdunia
തിങ്കള്‍, 11 ജനുവരി 2010 (13:22 IST)
PRO
ശമ്പള തര്‍ക്കത്തെ തുടര്‍ന്ന് ലോകകപ്പ് പരിശീലന ക്യാമ്പ് ബഹിഷ്കരിച്ച ദേശീയ ഹോക്കി ടീം കളിക്കാര്‍ സമരത്തില്‍ നിന്ന് പിന്‍‌മാരിയില്ലെങ്കില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് ഹോക്കി ഇന്ത്യയുടെ ഭീഷണി. ഇത് കളിക്കാര്‍ക്കുള്ള അവസാന മുന്നറിയിപ്പാണെന്നും ബഹിഷ്കരണം പിന്‍‌വലിച്ചില്ലെങ്കില്‍ വിലക്ക് അടക്കമുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും ഹോക്കി ഇന്ത്യ പ്രസിഡന്‍റ് എ കെ മട്ടു പറഞ്ഞു.

നേരത്തെ ഹോക്കി ഇന്ത്യ പ്രതിനിധി ഇമ്രാന്‍ ഖാന്‍ കളിക്കാരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഒത്തുതീര്‍പ്പിലെത്താനായിരുന്നില്ല. ഇതിനുശേഷമാണ് പ്രസിഡന്‍റിന്‍റെ അന്ത്യശാസനം പുറത്തു വന്നത്.
കഴിഞ്ഞ ദിവസം കളിക്കാരുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചിരുന്നെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ അംഗികരിക്കുന്നതുവരെ ലോകകപ്പിനുള്ള പരിശീലന ക്യാമ്പിലെത്തില്ലെന്ന് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ രാജ്‌പാല്‍ സിംഗ് അറിയിച്ചതോടെയാണ് ഇന്ത്യന്‍ ഹോക്കി വീണ്ടും പ്രതിസന്ധിയിലായത്.

കളിക്കാര്‍ ഫെഡറേഷനെ ബ്ലാക്‍മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ഹോക്കി ഇന്ത്യ ട്രഷറര്‍ നരീന്ദര്‍ ബത്ര നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിച്ചാലുടന്‍ കളിക്കാര്‍ ക്യാമ്പിലെത്തുമെന്നും കളിക്കാരുടെ ശാരീരികക്ഷമതയെക്കുറിച്ചും പരിശീലനത്തെക്കുറിച്ചും ആരാധകര്‍ ആശങ്കപ്പെടേണ്ടെന്നും രാജ്‌പാല്‍ സിംഗ് പറഞ്ഞു.