ശ്രീശാന്തിന്റെയും സഹകളിക്കാരന്റെയും ദൃശ്യങ്ങള്‍ സിസി ടിവിയില്‍

Webdunia
തിങ്കള്‍, 27 മെയ് 2013 (16:54 IST)
PTI
PTI
ശ്രീശാന്തും അങ്കിത് ചവാനും ഹോട്ടലില്‍ വാതുവെപ്പുകാരുമായി സംസാരിക്കുന്നതിന്റെയും പാക്കറ്റുകള്‍ കൈമാറുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ചണ്ഡീഗഢിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ സിസിടിവിയില്‍നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

ശ്രീശാന്ത് ഒത്തുകളി നടത്തിയെന്ന് കണ്ടെത്തിയ മെയ് ഒമ്പതിന് രാത്രിയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഹോട്ടലിലെ ഇടനാഴിയില്‍ താരങ്ങളും ജിജു ജനാര്‍ദനനും തമ്മില്‍ പാക്കറ്റുകള്‍ കൈമാറുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. മറ്റു സമയങ്ങളില്‍ രണ്ട് യുവതികളും താരങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. മത്സരശേഷം രാത്രി ഒമ്പതുമണിയോടെ ടീം ഹോട്ടലില്‍ മടങ്ങിയെത്തിയിരുന്നു. എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെവരെ ഇരുതാരങ്ങളും ഉറങ്ങാതെ ഇടനാഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പതിഞ്ഞത്.

ജിജു ജനാര്‍ദ്ദനനില്‍നിന്ന് പലതരത്തിലുള്ള പാക്കറ്റുകള്‍ സ്വീകരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവര്‍ക്കൊപ്പം കറുത്ത വസ്ത്രമണിഞ്ഞ യുവതിയും ഉണ്ടായിരുന്നു. മൂന്ന് മണിക്കൂറിനുശേഷം വീണ്ടും ശ്രീശാന്ത് ക്യാമറയില്‍ എത്തിയപ്പോള്‍ മറ്റൊരു യുവതിയും കൂടെ ഉണ്ടായിരുന്നു.