യൂത്ത് വോളി: കേരള വനിതകള്‍ ഫൈനലില്‍

Webdunia
ശനി, 31 ജനുവരി 2009 (09:15 IST)
ദേശീയ യൂത്ത്‌ വോളിയില്‍ വനിത വിഭാഗം മല്‍‌സരത്തില്‍ കേരളം ഫൈനലിലെത്തി. ഇന്നലെ നടന്ന സെമിയില്‍ ഛത്തീസ്ഗഡിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക്‌ തോല്‍പ്പിച്ചാണ് കേരളം ഫൈനല്‍ ടിക്കറ്റ് നേടിയത്. സ്കോര്‍: 25-12, 25-8, 25-12.

ക്യാപ്റ്റന്‍ വി. സൗമ്യ, അനില സഖറിയാസ്‌, എന്‍.എന്‍. ഷൈന, ദീപിക ബാബുരാജ്‌ എന്നിവരാണ്‌ കേരളത്തിനുവേണ്ടി മികവ്‌ പുലര്‍ത്തിയത്‌. ഛത്തീസ്ഗഡിനുവേണ്ടി ക്യാപ്റ്റന്‍ വര്‍ഷ ദുവാരെ ഉജ്വല പ്രകടനം നടത്തി. ആദ്യ രണ്ട് സെറ്റുകളും അനായാസം നേടിയ കേരളത്തിന് മൂന്നാം സെറ്റിന്‍റെ തുടക്കത്തില്‍ നേരിയ തിരിച്ചടി നേരിട്ടു. ഇന്നത്തെ ഹിമാചല്‍ പ്രദേശ്‌ - തമിഴ്‌നാട്‌ രണ്ടാം സെമിയിലെ ജേതാക്കളെ കേരളം നാളെ ഫൈനലില്‍ നേരിടും.

പുരുഷ വിഭാഗം സെമിയില്‍ കേരളം ഇന്ന് ഹരിയാനയെ നേരിടും. ഇന്നലെ നടന്ന ആദ്യ സെമിയില്‍ യു‌പിയെ തോല്‍പ്പിച്ച് തമിഴ്‌നാട്‌ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. 25-19,18-25,25-15,25-21 എന്ന സ്കോറിനായിരുന്നു തമിഴ്നാടിന്‍റെ ജയം.