മാന്യമായി വേഷം ധരിക്കണമെന്ന് എംഎല്‍എ,​ വനിതാ കോച്ച് ബോധംകെട്ടു

Webdunia
ഞായര്‍, 24 മാര്‍ച്ച് 2013 (11:30 IST)
PRO
ദേശീയ വനിതാ കബഡി ടീം കോച്ചിനോട് മാന്യമായി വേഷം ധരിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞുവെന്ന് ആരോപണം. വനിതാ കോച്ച് വേദിയില്‍ മോഹാലസ്യപ്പെട്ടു വീണതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.

ഗുര്‍ഗാവിലെ ദ്രോണാചാര്യ ഗവണ്‍മെന്റ് കോളേജിന്റെ വാര്‍ഷികാഘോഷ ചടങ്ങിലായിരുന്നു ഇത്. ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ മുന്‍ മന്ത്രിയും എംഎല്‍എയുമായ റാവു ധരപാല്‍ വനിതാ കോച്ചിന്റെ വേഷത്തെ വിമ ര്‍ശിച്ചതായാണ് ആക്ഷേപം.

പാന്റ്സും ടീഷര്‍ട്ടും ധരിച്ചു വേദിയിലെത്തിയ ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ വനിതാ കബഡി കോച്ച് സുനില്‍ ദബാസിനോടു വിദ്യാര്‍ത്ഥികള്‍ക്ക് സദ്സന്ദേശം നല്‍കാന്‍ മാന്യമായി വേഷം ധരിച്ചു വരണം എന്ന് എംഎല്‍എ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ താന്‍ വേഷത്തെ വിമര്‍ശിച്ചില്ലെന്ന് എംഎല്‍എ പിന്നീട് വിശദീകരിച്ചു. പരാതി ലഭിച്ചില്ലെന്നും അതിനാല്‍ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വേദിയില്‍ ബോധംകെട്ട് വീണ വനിതാ കോച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.