പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് 2014ലെ ബാലണ്‍ ഡി ഓര്‍ പുരസ്കാരം, ഇത് മൂന്നാം തവണയാണ് റൊണാള്‍ഡോ ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിന് അര്‍ഹനാകുന്നത്. ഇതിനുമുമ്പ് 2008ലും 2013ലും റൊണാള്‍ഡോയെ തേടി ബാലണ്‍ ഡി ഓര്‍ പുരസ്കാരം എത്തിയിരുന്നു.
അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയെയും ജര്‍മ്മനിയുടെ മാനുവല്‍ ന്യൂയറിനെയും പിന്തള്ളിയാണ് റൊണാള്‍ഡോ പുരസ്കാരത്തിന് അര്‍ഹനായത്. ക്രിസ്റ്റിയാനോയ്ക്ക് 37.66 ശതമാനം വോട്ടും മെസ്സിക്ക് 15.76 ശതമാനം വോട്ടും ന്യൂയര്‍ക്ക് 15.72 ശതമാനം വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തവണ രണ്ടാമതായ ലയണല്‍ മെസ്സി തന്നെയാണ് ഇത്തവണയും റണ്ണറപ്പ്.
ഒരിക്കല്‍ കൂടി ഈ പുരസ്‌കാരം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലോകചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറാവുകയാണ് തന്റെ ലക്‌ഷ്യമെന്നും റൊണാള്‍ഡോ പറഞ്ഞു. ഇതിനായി ഓരോ ദിവസവും തന്റെ കളി മെച്ചപ്പെടാത്താനായിരിക്കും ഇനി ശ്രമമെന്നും പുരസ്‌കാരദാനച്ചടങ്ങില്‍ റൊണാള്‍ഡോ പറഞ്ഞു.
മികച്ച പരിശീലകനായി ജര്‍മനിയുടെ ജോക്കിം ലോ തിരഞ്ഞെടുക്കപ്പെട്ടു. ജര്‍മനിയുടെ നദിന്‍ കെസ്ലര്‍ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോള്‍ നേടിയ താരത്തിനുള്ള ഫ്രാങ്ക് പുഷ്‌കാസ് അവാര്‍ഡ് കൊളംബിയന്‍ സ്‌ട്രൈക്കര്‍ ഹാമസ് റോഡ്രിഗസ് സ്വന്തമാക്കി.
റോഡ്രിഗസ് 42 ശതമാനം വോട്ട് നേടിയപ്പോള്‍ സ്‌റ്റെഫാനി റോച്ച് 33 ഉം റോബിന്‍ വാന്‍പേഴ്‌സി 11ഉം ശതമാനം വോട്ടും നേടി. വനിതാടീമിന്റെ പരിശീലകനുള്ള പുരസ്‌കാരം ജര്‍മന്‍ കോച്ച് കെല്ലര്‍മാന്‍ റാല്‍ഫ് സ്വന്തമാക്കി.
ഫുട്‌ബോള്‍ ടീം നായകന്‍മാരും രാജ്യാന്തര ഫുട്‌ബോള്‍ പരിശീലകരും പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് ഫിഫയുടെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരജേതാക്കളെ കണ്ടെത്താന്‍ വോട്ടു ചെയ്യുന്നത്.