ഗെയിംസിന് പണം നല്‍കില്ലെന്ന് ബിസിസിഐ

Webdunia
ശനി, 31 ജൂലൈ 2010 (14:28 IST)
PRO
ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍‌വെല്‍ത്ത് ഗെയിംസിന് പണം നല്‍കാനാവില്ലെന്ന് ബി സി സി ഐ വ്യക്തമാക്കി. 100 കോടി രൂപ ഗ്രാന്‍റായി നല്‍കണമെന്നായിരുന്നു ഗെയിംസ് സംഘാ‍ടകസമിതി ചെയര്‍മാനും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തലവനുമായ സുരേഷ് കല്‍മാഡി ബി സി സി ഐയോട് അഭ്യര്‍ത്ഥിച്ചിരുന്നത്.

20 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാ കപ്പിന് യോഗ്യത നേടിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ബി സി സി ഐ കഴിഞ്ഞവര്‍ഷം 25 കോടി രൂപ ഗ്രാന്‍റായി നല്‍കിയിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചായിരുന്നു ഗെയിംസ് സംഘാടക സമിതിയുടെ ആവശ്യം.

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അയക്കേണ്ടെന്ന തീരുമാനമെടുത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ബി സി സി ഐയെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇത് ഇരു സംഘടനകളും തമ്മിലുള്ള ശീതസമരത്തിന് വഴിവെച്ചിരുന്നു.

ഇതിനുപുറമെ ഗെയിംസ് സമയത്ത് നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പര മാറ്റിവയ്ക്കണമെന്ന ഗെയിംസ് സംഘാടകസമിതിയുടെ ആ‍വശ്യത്തോട് ബി സി സി ഐ ആദ്യം അനുകൂലമായല്ല പ്രതികരിച്ചത്.