കോമണ്‍‌വെല്‍‌ത്ത്: വേദികള്‍ യഥാസമയം പൂര്‍ത്തിയാക്കും

Webdunia
ബുധന്‍, 25 ഫെബ്രുവരി 2009 (18:57 IST)
കോമണ്‍‌വെല്‍‌ത്ത് ഗെയിംസ് നടക്കുന്ന സ്റ്റേഡിയങ്ങളും വേദികളും യഥാസമയം പൂര്‍ത്തീകരിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാനും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റുമായ സുരേഷ് കല്‍മാഡി പറഞ്ഞു. കോമണ്‍‌വെല്‍ത്തിന് കാര്യമായ ഒരുക്കങ്ങള്‍ നടത്തിയിട്ടില്ലെന്ന പാര്‍ലമെന്‍ററി സമിതി റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത മാര്‍ച്ചോടുകൂടി വേദികളുടെ പണി പൂര്‍ത്തിയാകും. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും കല്‍മാഡി കൂട്ടിച്ചേര്‍ത്തു. മികച്ച അടിസ്ഥാ‍ന സൌകര്യങ്ങളാണ് നമുക്കുള്ളത്. ഇതില്‍ മിക്കവയും മാര്‍ച്ചോടെ സജ്ജമാകുമെന്നും കല്‍മാഡി പറഞ്ഞു.

അടുത്ത കൊല്ലം ഒക്ടോബര്‍ മൂന്ന് മുതല്‍ പതിനാല് വരെയാണ് ഗെയിംസ് നടക്കുന്നത്. എന്നാല്‍ ഗെയിംസ് വീക്ഷിക്കാനെത്തുന്ന അതിഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും താമസിക്കാനുള്ള മുറികള്‍ നിര്‍മിക്കുന്നതിലും മറ്റും ഡല്‍ഹി സര്‍ക്കാര്‍ വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ലെന്ന് പാര്‍ലമെന്‍ററി സമിതി രാജ്യസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.

താമസസൌകര്യങ്ങള്‍ ഒരുക്കുന്നതിന് വേഗത പോരെന്ന് പറഞ്ഞ കല്‍മാഡി ഡല്‍ഹി സര്‍ക്കാര്‍ ഇത് ത്വരിതപ്പെടുത്തുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യസഭാംഗമായ സീതാറാം യെചൂരി ചെയര്‍മാനായുള്ള സമിതിയാണ് ഒരുക്കങ്ങള്‍ പോരെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയത്.