ഒന്നാം റാങ്ക് വിദൂരത്തല്ലെന്ന് സൈന

Webdunia
ചൊവ്വ, 29 ജൂണ്‍ 2010 (13:33 IST)
ബാഡ്മിന്‍റണ്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് ഇന്ത്യന്‍ ഷട്ടില്‍ താരം സൈന നേവാള്‍. അന്താരാഷ്ട്ര തലത്തില്‍ തുടര്‍ച്ചയായി മൂന്ന് കിരീടം നേടിയ സൈന ഉടന്‍ തന്നെ റാങ്കിംഗില്‍ ഒന്നാമതെത്തുമെന്നാണ് കരുതുന്നത്. സൈന തുടര്‍ച്ചയായ രണ്ടാം തവണയും ഇന്തോനേഷ്യന്‍ കിരീടം സ്വന്തമാക്കിയിരുന്നു.

റാങ്കിംഗില്‍ ഒന്നാമതെത്താന്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്നും ഇതിനായുള്ള കടുത്ത പരിശ്രമത്തിലാണെന്നും സൈന പറഞ്ഞു. അടുത്ത അന്താരാഷ്ട്ര ടൂര്‍ണമെന്റിനുള്ള പരിശീലനത്തിലാണ്. റാങ്കിംഗിനേക്കാള്‍ താന്‍ വിലകല്‍പ്പിക്കുന്നത് വിജയങ്ങള്‍ക്കാണ്. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഒന്നാമതെത്താനും സാധിക്കുമെന്ന് സൈന പറഞ്ഞു.

ഓരോ മത്സരവും ഞാന്‍ ആസ്വദിച്ചാണ് കളിക്കുന്നതെന്നും തുടര്‍ച്ചയായി മൂന്ന് കിരീടങ്ങള്‍ നേടാനയതില്‍ ഏറെ സന്തോഷമുണ്ടെന്നും സൈന പറഞ്ഞു. ഇന്തോനേഷ്യന്‍ ഓപ്പണിലെ നിലവിലെ ചമ്പ്യനായ സൈന ജപ്പാന്റെ സയാക്ക സ്റ്റോയെയെ തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. സയാക്ക സ്റ്റോയെയെ 21-19, 13-21, 21-11 സ്കോറിനാണ് സൈന കീഴടക്കിയത്.