അസംതൃപ്തനെന്ന് ബെക്കാം

Webdunia
വെള്ളി, 27 ഫെബ്രുവരി 2009 (18:58 IST)
ഗാലക്സിയും മിലാനും തനിക്ക് വേണ്ടി നടത്തുന്ന വടംവലിയില്‍ അസംതൃപ്തനാണെന്ന് ഡേവിഡ് ബെക്കാം. ബെക്കാമിനെ മിലാനില്‍ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന വിവാദങ്ങളിലെ അസംതൃപ്തിയാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് തുറന്നു സമ്മതിച്ചത്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് എസി മിലാന്‍ പുറത്തായ ശേഷമായിരുന്നു ബെക്കാമിന്‍റെ പ്രതികരണം. കളി സമനിലയില്‍ ആയെങ്കിലും എവേ ഗോള്‍ നിയമത്തിന്‍റെ ആനുകൂല്യത്തില്‍ വെര്‍ഡര്‍ ബ്രെമന്‍ അടുത്ത റൌണ്ടിലേക്ക് യോഗ്യത നേടുകയായിരുന്നു.

എന്നാല്‍ വിവാദങ്ങള്‍ക്ക് ചെവികൊടുക്കാതെ കളിയില്‍ ശ്രദ്ധിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ബെക്കാം പറഞ്ഞു. ഗാലക്സിയുടെ താരമായിരുന്ന ബെക്കാം രണ്ടു മാസത്തേക്കാണ് മിലാനുമായി കരാര്‍ ഒപ്പിട്ടിരുന്നത്. അടുത്ത മാസം 9ന് കരാര്‍ കാലാവധി തീരും.

ബെക്കാമിന്‍റെ പ്രതിഫലത്തുക ഉയര്‍ത്തില്ലെന്ന് കഴിഞ്ഞ ആഴ്ച മിലാന്‍ വൈസ് പ്രസിഡന്‍റ് അഡ്രിയാനോ വ്യക്തമാക്കിയിരുന്നു. 3 മില്യന്‍ ഡോളറാണ് മിലാന്‍ ബെക്കാമിന് വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലം. ബെക്കാമിന്‍റെ അഭാവം മൂലം സോക്കര്‍ ലീഗിലുണ്ടായ നഷ്ടത്തിന്‍റെ അടുത്തുപോലും ഈ തുക എത്തില്ലെന്ന് ഗാലക്സിയും മറുപടി നല്‍കിയിരുന്നു.