അധാര്‍മിക സംഘമാണ്‌ ടെന്നീസ്‌ അസോസിയേഷനെന്ന്‌ സോംദേവ്‌

Webdunia
ഞായര്‍, 13 ജനുവരി 2013 (15:17 IST)
PRO
പ്രഫഷണലിസം തൊട്ടുതീണ്ടിയിട്ടില്ലാത്ത അധാര്‍മിക സംഘമാണ്‌ ഓള്‍ ഇന്ത്യ ടെന്നീസ്‌ അസോസിയേഷനെന്ന്‌ ഇന്ത്യന്‍ ടെന്നീസ്‌ താരം സോംദേവ്‌ ദേവവര്‍മന്‍.

ആവശ്യങ്ങള്‍ക്കു ചെവികൊടുക്കാതെ വിമതസ്വരങ്ങളെ അടിച്ചമര്‍ത്താനാണ്‌ അസോസിയഷന്റെ തലപ്പത്തിരിക്കുന്നവരുടെ ശ്രമമെന്ന് ടെന്നിസില്‍ കലാപക്കൊടി ഉയര്‍ത്തിയ വിമതരില്‍ പ്രധാനിയായ സോംദേവ്‌ ആക്ഷേപിച്ചു.

ഡേവിസ്‌ കപ്പ്‌ എഷ്യാ-ഓഷ്യാനിയ ഗ്രൂപ്പ്‌ മത്സരത്തിനുള്ള ടീം രണ്ടാം നിര താരങ്ങളെ ഉള്‍പ്പെടുത്തി അസോസിയേഷന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്‌ സോംദേവ്‌ രൂക്ഷവിമര്‍ശനമുയര്‍ത്തി രംഗത്തുവന്നത്‌.

അസോസിയേഷന്‍ കളിക്കാരെ വിശ്വാസത്തിലെടുക്കാതെ നടത്തിക്കൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ല. അസോസിയേന്റെ ഇത്തരം ചെയ്‌തികളില്‍ താരങ്ങളെല്ലാം നിരാശരാണെന്നും സോംദേവ്‌ കൂട്ടിച്ചേര്‍ത്തു.

തുടക്കത്തില്‍ എട്ടുതാരങ്ങളായിരുന്നു അസോസിയേഷന്‍ നടപടികളെ വിമര്‍ശിച്ച്‌ വിമതസ്വരമുയര്‍ത്തിയത്‌. സോംദേവിനു പുറമേ മഹേഷ്‌ ഭൂപതി, യൂകി ഭാംബ്രി, വിഷ്‌ണു വര്‍ധന്‍, സനം സിംഗ്‌, രോഹന്‍ ബൊപ്പണ്ണ, ദിവിജ്‌ ശരണ്‍, സാകേത്‌ മിനേനി എന്നിവരായിരുന്നു ഇവര്‍.

തുടര്‍ന്നാണ്‌ ഇവരെ ഒഴിവാക്കി ലിയാന്‍ഡര്‍ പേസിന്റെ നായകത്വത്തില്‍ ഡേവിസ്‌ കപ്പ്‌ ടീമിനെ പ്രഖ്യാപിക്കാന്‍ അസോസിയേഷന്‍ നിര്‍ബന്ധിതരായത്‌. വി.എം. രഞ്‌ജിത്‌, വിജയന്ത്‌ മാലിക്‌, പുരാവ്‌ രാജ എന്നിവരാണ്‌ മറ്റു ടീമംഗങ്ങള്‍. നോണ്‍ പ്ലേയിംഗ്‌ ക്യാപ്‌റ്റനായി എസ്‌.പി മിശ്രയേയും സീഷാന്‍ അലിയെ കോച്ചായും തെരഞ്ഞെടുത്തു.