India's Test Records at Sydney: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരത്തിനു ഇറങ്ങുമ്പോള്‍ ഇന്ത്യയെ പേടിപ്പിച്ച് 'സിഡ്‌നി ചരിത്രം'. 13 ടെസ്റ്റുകളാണ് ഇന്ത്യ ഇതുവരെ സിഡ്‌നിയില്‍ കളിച്ചിരിക്കുന്നത്, ജയിക്കാന്‍ സാധിച്ചത് ഒരു മത്സരത്തില്‍ മാത്രം. ആ വിജയം ആകട്ടെ 44 വര്‍ഷം മുന്‍പും !
1978 ലാണ് സിഡ്‌നിയില്‍ ഇന്ത്യ ആദ്യമായും അവസാനമായും ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരിക്കുന്നത്. ബിഷന്‍ സിങ് ബേദിയായിരുന്നു അന്ന് ഇന്ത്യന്‍ നായകന്‍. ഒരു ഇന്നിങ്‌സിനും രണ്ട് റണ്‍സിനും ആയിരുന്നു ഇന്ത്യയുടെ അന്നത്തെ ജയം. 1947 മുതലുള്ള കാലയളവില്‍ സിഡ്‌നിയില്‍ അഞ്ച് ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഏഴ് ടെസ്റ്റുകള്‍ സമനിലയായി.
2020-21 ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലാണ് ഇന്ത്യ അവസാനമായി സിഡ്‌നിയില്‍ കളിച്ചത്. ഹനുമാന്‍ വിഹാരിയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്ന് വലിയ ചെറുത്ത് നില്‍പ്പ് നടത്തി ഈ കളി സമനിലയാക്കുകയായിരുന്നു. 2004 സിഡ്‌നി ടെസ്റ്റിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഐതിഹാസിക '241 ഇന്നിങ്‌സ്' പിറന്നത്. അന്ന് ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 705 റണ്‍സ് നേടിയിരുന്നു.