സിഡ്‌നി ടെസ്റ്റിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ രോഹിത്തിനെ കുറിച്ചുള്ള ചോദ്യത്തിനു ഗംഭീര്‍ 'ഉറപ്പ്' നല്‍കിയിട്ടില്ല. രോഹിത് പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സിഡ്‌നിയിലെ സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം നാളെ പ്ലേയിങ് ഇലവനില്‍ തീരുമാനമെടുക്കുമെന്ന് മാത്രമാണ് ഗംഭീര്‍ മറുപടി നല്‍കിയത്. ക്യാപ്റ്റന്‍ ആയിട്ടു കൂടി രോഹിത് ഉറപ്പായും പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന് പറയാന്‍ ഗംഭീര്‍ തയ്യാറായില്ല.
സിഡ്‌നിയിലെത്തിയ ടീം ഇന്ത്യ പരിശീലനം ആരംഭിച്ചിട്ടുണ്ട്. മറ്റു താരങ്ങള്‍ പരിശീലനം നടത്തുന്നതിനിടെ പരിശീലകന്‍ ഗംഭീര്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറയുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തുകയും ചെയ്തു. ബുംറയെ മാറ്റിനിര്‍ത്തിയായിരുന്നു ഗംഭീര്‍ സംസാരിച്ചത്. രോഹിത് കളിച്ചില്ലെങ്കില്‍ ബുംറയാണ് സിഡ്‌നിയില്‍ ഇന്ത്യയെ നയിക്കുക.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 31 റണ്‍സ് മാത്രമാണ് രോഹിത് നേടിയിരിക്കുന്നത്. 3, 6, 10, 3, 9 എന്നിങ്ങനെയാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രോഹിത്തിന്റെ വ്യക്തിഗത സ്‌കോറുകള്‍. 6.2 മാത്രമാണ് ബാറ്റിങ് ശരാശരി.