ഇതൊരു കടംങ്കഥയാണോ? അതോ പ്രണയമോ?

Webdunia
ബുധന്‍, 14 ഫെബ്രുവരി 2018 (12:16 IST)
അവന്‍ അടുത്തിരിക്കുമ്പോള്‍ വയറ്റിനുള്ളില്‍ ചിത്രശലഭങ്ങള്‍ പറക്കുന്നതു പോലെ തോന്നി അവള്‍ക്ക്. അവന് വയറ്റിനുള്ളില്‍ ആരൊക്കെയോ നൃത്തം ചവിട്ടുന്നതുപോലെയും. ചിത്രശ്രലഭങ്ങളെ കുറിച്ച് അവളോ നര്‍ത്തകരെ കുറിച്ച് അവനോ ഒന്നും മിണ്ടിയില്ല. പക്ഷേ അവര്‍ പോലും അറിയാതെ കണ്ണുകള്‍ കടങ്കഥകളായി അക്കാര്യം കൈമാറുന്നുണ്ടായിരുന്നു.
 
കണ്ണുകള്‍ പറയുന്ന കടങ്കഥകള്‍ക്ക് ഉത്തരമറിയാമെന്ന് അവര്‍ ആദ്യമൊന്നും സമ്മതിച്ചില്ല. പക്ഷേ എപ്പോഴോ ഒരു തിരിഞ്ഞുനോട്ടമായോ ചുണ്ടുകളിലെ നാണമായോ ഒരു ചെറുചിരിയായോ അവര്‍ ആ കടങ്കഥകള്‍ക്ക് ഉത്തരമോതി. പലതവണ മടക്കിച്ചുളിഞ്ഞ കടലാസുകളിലെ വരികളില്‍ അവര്‍ അക്കാര്യം ആവര്‍ത്തിച്ചു.- ‘എനിക്ക് നിന്നെ ഇഷ്ടമാണ്’. പിന്നീട് മയില്‍പ്പീലി തുണ്ടുകളായി അത് പെറ്റുപെരുകി.
 
നാട്ടിന്‍പുറത്തെ ഇടനാഴികളിലും കാമ്പസ്സുകളിലും വായനശാലകളിലും പാടവരമ്പത്തും ബസ് സ്റ്റോപ്പുകളിലുമൊക്കെ പലകുറി ഈ രംഗം ആവര്‍ത്തിച്ചു. നസീറായും വേണു നാഗവള്ളിയായും മോഹന്‍ലാലായും അവന്‍ വേഷമിട്ടപ്പോള്‍ ഷീലയും ജലജയായും സുമലതയും ശോഭനയുമായി അവള്‍ ഒപ്പം ചേര്‍ന്നു. ചങ്ങമ്പുഴയും കീറ്റ്സുമൊക്കെയായിരുന്നു ഇവരുടെ ചങ്ങാതിമാര്‍. കീറ്റ്സ്, കേള്‍ക്കാത്ത പാട്ടിന്റെ മാധുര്യത്തെ കുറിച്ച് പാടി കേള്‍പ്പിച്ചപ്പോള്‍ ചങ്ങമ്പുഴ ഇവര്‍ക്ക് രമണനെ പരിചയപ്പെടുത്തിക്കൊടുത്തു. ഇതേതുടര്‍ന്ന് ചിലര്‍ പ്രണയത്തെ താലിചാര്‍ത്തിയപ്പോള്‍ മറ്റ് ചിലര്‍ തൂക്കിലേറ്റി.
 
‘പ്രണയ’ത്തിന് എന്നും കൂടുതല്‍ ഇഷ്ടം ക്യാമ്പസ്സുകളോടായിരുന്നു. ലൈബ്രറി അലമാരകളിലിരിക്കുന്ന എഴുത്തുകാരുടെ കണ്ണുവെട്ടിച്ചും കോണിപ്പടികളുടെ മങ്ങിയ കാഴ്ചകളിലും വാകമരത്തിന്റെ തണലിലും ക്യാമ്പസ് ‘പ്രണയ’ത്തെ പുണര്‍ന്നു. എഴുപത്- എണ്‍പതുകളില്‍ പ്രണയം വിപ്ലവത്തിന്റെ ചുവപ്പിനെയും കാല്‍പ്പനികതയുടെ ഗുല്‍മോഹര്‍പ്പൂക്കളെയും സ്നേഹിച്ചു.
 
പ്രണയത്തിന്റെ ഉത്‌കണ്ഠ കിടക്കയില്‍ അവസാനിക്കുന്നുവെന്ന് മാര്‍ക്വേസ് പറഞ്ഞത് കേട്ടവരും കേള്‍ക്കാത്തവരും അവളെ പൂജിച്ചത് പവിത്രതയുടെ ശ്രീകോവിലായിരുന്നു; ഒരിക്കല്‍. അപവാദങ്ങള്‍ക്ക് ദാഹം തീര്‍ക്കാന്‍ പ്രണയത്തിനെ വിട്ടുകൊടുത്തവര്‍ അന്നും ഉണ്ടായിരുന്നു. പക്ഷേ അവര്‍ പണ്ട് എണ്ണത്തില്‍ കുറവായിരുന്നുവെന്ന് മാത്രം.
 
പക്ഷേ വളരെ പെട്ടെന്ന് തന്നെ പ്രണയത്തിനും ബോറടിച്ചു തുടങ്ങി. ആഘോഷത്തിന്റെ ഉത്പ്പന്നമായി അത്. ഐസ്ക്രീം കഴിക്കാനും‍, സിനിമ കാണാനും അറുബോറന്‍ ക്ളാസ്സുകളില്‍നിന്ന് രക്ഷപ്പെടാനും ഒരുമിച്ചു കറങ്ങാന്‍ ഒരു കമ്പനിയായും മാത്രം പ്രണയം ചുരുങ്ങി. ഹൈടെക് പ്രണയത്തിന്റെ കട തുറന്നപ്പോള്‍ കാമുകന്‍‌മാരും കാമുകിമാരും ഒരേസമയം പലരായി വേഷമിട്ടു. ചാറ്റ്പ്രേമം, മെസേജ് പ്രേമം, ട്വിറ്റര്‍ പ്രണയം, ഡേറ്റിംഗ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അവിടെ ആള്‍ക്കാരുടെ നീണ്ട ക്യൂവാണ് ഇന്ന്. ശബ്ദത്തെ പ്രണയിക്കുന്നവരാണ് ഇന്നത്തെ കാമുകന്‍( കാമുകി)മാരില്‍ ഏറെയും. സെല്‍ഫോണിലൂടെ ശബ്ദത്തെ ആലിംഗനം ചെയ്ത് ജീവിതംതന്നെ ഹോമിക്കുന്നു ഇവരില്‍ ചിലര്‍.
 
ഇന്ന് പ്രണയത്തിന് ഒരു പുതിയ സമവാക്യവും കണ്ടെത്തിയിരിക്കുന്നു. ഒന്നാം ദിവസം- ഐ മിസ്‌ യു ഡാ, രണ്ടാം ദിവസം- ലവ് യു ഡാ, മൂന്നാം ദിവസം- ബൈ ഡാ...സോറീ ഡാ...

അനുബന്ധ വാര്‍ത്തകള്‍

Next Article