മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റും പിന്നാലെ നടൻ ശ്രീനാഥ് ഭാസിയേയും മറ്റും ചോദ്യം ചെയ്തതും വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പിടിയിലാകുന്നത്. അധികം വൈകാതെ റാപ്പർ വേടനെയും കഞ്ചാവ് ഉപയോഗിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു.
ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിനാണ് ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പിടിയിലായത്. അറസ്റ്റ് ചെയ്ത ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഖാലിദ് റഹ്‌മാനെ പിന്തുണച്ചുകൊണ്ട് സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ് പോസ്റ്റ് പങ്കുവെച്ചതും അതിന് നസ്ലിൻ അടക്കമുള്ള യുവതാരങ്ങൾ പിന്തുണ നൽകിയതും സോഷ്യൽ മീഡിയയിൽ കൊണ്ടുപിടിച്ച ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.
'കഞ്ചാവിനെക്കുറിച്ച് എനിക്ക് പല അഭിപ്രായവുമുണ്ട്. പക്ഷെ അത് നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണെങ്കിൽ, നിയമവിരുദ്ധം തന്നെയാണ്. അത് ഉപയോഗിക്കുകയും പൊതുവേദികളിലൂടെ പ്രൊമോട്ട് ചെയ്യുകയും, അതിനായി ഫാൻസിയായ ആഫ്രോ-അമേരിക്കൽ പദങ്ങൾ ഉപയോഗിക്കുന്നതുമെല്ലാം വേറെ തരത്തിലുള്ള വിഷയമാണ്. നസ്ലൻ ഒഴികെ പല പ്രമുഖരേയും ഈ സ്‌ക്രീൻഷോട്ടിൽ പ്രതീക്ഷിച്ചിരുന്നു. കൗമാരക്കാരും ചെറുപ്പക്കാരും മാതൃകയായി കാണുന്നയാളാണ്. ഇതൊക്കെ ഒഴിവാക്കാമായിരുന്നു. ഒരുമിച്ച് ഒരു പടം ചെയ്താൽ അവരുടെ എല്ലാ പ്രവർത്തിയേയും നമ്മൾ പിന്തുണയ്ക്കണം എന്നൊന്നുമില്ല ഹേ', എന്നായിരുന്നു ഒരാൾ റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പ്.
വിൻസി അലോഷ്യസിനെപ്പോലെ നിലപാട് എടുക്കാനും ചിലർ നസ്ലനോട് പറയുന്നുണ്ട്. അതേസമയം ഖാലിദ് റഹ്‌മാനെ അറസ്റ്റ് ചെയ്തത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടല്ലെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ലഹരി ഉപയോഗിക്കുന്നവരോടൊപ്പം ഇനി വർക്ക് ചെയ്യില്ലെന്ന് നടി വിൻസി പ്രഖ്യാപിച്ചതും ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ സിനിമാ സംഘടനകളിൽ വിൻസി പരാതി നല്കിയതുമെല്ലാം അടുത്തിടെയാണ്.